21 November Thursday

‘സത്യവും നീതിയുമില്ല’ ; മുൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ബിജെപി വിട്ടു

എം സനോജ്‌Updated: Wednesday Nov 6, 2024


ഒറ്റപ്പാലം
ബിജെപി പാലക്കാട്‌ ജില്ലാ മുൻ വൈസ്‌ പ്രസിഡന്റും ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന കെ പി മണികണ്‌ഠൻ ബിജെപി ബന്ധം ഉപേക്ഷിച്ചു. ‘‘കോക്കസിന്റെ കൈയിലാണ്‌ ബിജെപി. നീതിക്കും സത്യത്തിനും നിരക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്‌. ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും പുറത്തുപറഞ്ഞാൽ ബിജെപി വലിയ പ്രതിസന്ധിയിലാകും. വരുംദിവസങ്ങളിൽ കൂടുതൽപേർ സംസ്ഥാന–- ജില്ലാ നേതൃത്വങ്ങൾക്കെതിരെ രംഗത്തുവരും’’–- മണികണ്ഠൻ പറഞ്ഞു.  

യുവത്വം മുഴുവൻ ബിജെപിക്കുവേണ്ടി സമർപ്പിച്ച തന്നെ ഇപ്പോൾ ആർക്കുംവേണ്ടാതായി. യുവാക്കൾക്ക് വളരാൻ അവസരം നൽകാത്തതിന്‌ ഉദാഹരണമാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിത്വം. എല്ലായിടത്തും താൻതന്നെ മത്സരിക്കണമെന്ന മനോഭാവമാണ് സി കൃഷ്‌ണകുമാറിന്‌. ‘‘2011ൽ കൃഷ്‌ണകുമാർ ജില്ലാ പ്രസിഡന്റായിരിക്കെ സെക്രട്ടറിയായിരുന്ന എന്നെ അറിയിക്കാതെയായിരുന്നു പ്രവർത്തനം. തനിക്കുമുകളിൽ ആരും വളരരുതെന്ന അദ്ദേഹത്തിന്റെ പിടിവാശിയുടെ പ്രതിഫലനമാണ് സന്ദീപ് വാര്യരെപ്പൊലുള്ളവരുടെ പ്രതികരണം. ബിജെപിയിൽ നന്മയുള്ളവരില്ല.  നേതൃത്വം പാർടിയെ നശിപ്പിക്കുകയാണ്. ബിജെപിക്കുവേണ്ടി പണിയെടുത്ത് മരിച്ചവർക്ക് റീത്തുപോലും വയ്‌ക്കാൻ പറ്റാത്ത നേതാക്കൾ എങ്ങനെ സമൂഹത്തെ നയിക്കും. അധികാരത്തോടും പണത്തോടുമുള്ള ആർത്തി മാറ്റിയില്ലെങ്കിൽ സംസ്ഥാനത്ത്‌ ബിജെപി വട്ടപ്പൂജ്യമാകും’’ മണികണ്ഠൻ തുറന്നടിച്ചു. പ്രചാരണത്തനത്തിന്‌ പോവില്ലെന്നും  അംഗത്വം പുതുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പതിനെട്ടാം വയസ്സിൽ ബിജെപിയുടെ ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റായ  മണികണ്ഠൻ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ 2001ൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ജില്ലാ സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. വാജ്പേയി സർക്കാരിന്റെ കാലത്ത് ടെലഫോൺ അഡ്വൈസറി അംഗമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top