തിരുവനന്തപുരം > ഇന്റര്‍നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടേതെന്നും ഇതിന്റെ ഭാഗമായാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കാനായി കെ ഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഈ വര്‍ഷം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാകുമെന്ന് കണ്‍സോഷ്യം ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 1500 കോടിരൂപ ചിലവ് വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള രണ്ട് കമ്പനികള്‍ ഉള്‍പ്പെടുന്ന കണ്‍സോഷ്യമാണ്. ഭാരത് ഇലക്ടോണിക് ലിമിറ്റഡ്, റെയില്‍ടെല്‍ എന്നീ പൊതു മേഖലാ കമ്പനികളും എസ്ആര്‍ഐടി, എല്‍എസ് കേബിള്‍സ് എന്നീ സ്വകാര്യ കമ്പനികളും ചേര്‍ന്നതാണ് കണ്‍സോഷ്യം.
കണ്‍സോഷ്യത്തിലെ കമ്പനികളുടെ മേധാവികളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് നടത്തി. പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്തി. ലോക്ക്ഡൗണ്‍ കാരണം രണ്ട് മാസത്തോളമായി പ്രവര്‍ത്തികള്‍ മുടങ്ങിപ്പോയ സാഹചര്യത്തിലാണ് ഇന്ന് യോഗം നടത്തിയത്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കാമെന്ന് കണ്‍സോഷ്യം ലീഡറായ എം.വി. ഗൗതം ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ സംബന്ധിച്ച് പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനധിഷ്ടിത സമ്പദ് വ്യവസ്ഥക്ക് കെ ഫോണ്‍ ഉത്തേജ്ജനം നല്‍കുമെന്നും കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും ശക്തമായ ഇന്റര്‍നെറ്റ് ശൃംഘലയായിരിക്കും കെ ഫോണ്‍. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെഫോണ്‍ നടപ്പാക്കുന്നത്. കെഎസ്ഇബിയുടെ ലൈനുകളിലൂടെയാണ് ഒപ്ടിക്കല്‍ ഫൈബര്‍ കേബില്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..