ബത്തേരി> സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീക്കിനെ (37) തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്. സിപിഐ എം ജില്ലാ സെക്രട്ടയറ്റ് അംഗമായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന ജോ. സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കലിക്കറ്റ് സർവകലാശാല മുൻ ജനറൽ സെക്രട്ടറിയാണ്. സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന സ്പോട്സ് കൗൺസിൽ സ്ഥിരംസമിതി അംഗം, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് എന്നീ ഉത്തരവാദിത്വങ്ങളും വഹിക്കുന്നു.
ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തിൽ സജീവ ചർച്ചയായി. പ്രശ്‌നപരിഹാരങ്ങൾക്കുള്ള തീരുമാനങ്ങളുമുണ്ടായി. മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്–-പടിഞ്ഞാറത്തറ ബദൽ പാത, ഭൂപ്രശ്‌നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ അംഗീകരിച്ചു. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമുണ്ടായി.
സമ്മേളനത്തിന് സമാപനം കുറിച്ച് പകൽ മൂന്നിന് റാലി ആരംഭിക്കും. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (നഗരസഭാ സ്‌റ്റേഡിയം) പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യും. സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ച് അരനൂറ്റാണ്ട് പിന്നിട്ടശേഷമുള്ള സമ്മേളനമാണ് ഇത്തവണത്തേത്. നാലാം തവണയാണ് സമ്മേളനത്തിന് ബത്തേരി ആതിഥേയത്വം വഹിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..