22 December Sunday

ചൊക്രമുടി ഭൂമികൈയേറ്റം: വാര്‍ത്തകള്‍ വാസ്തവവിരുദ്ധം; ശക്തമായ നടപടി സ്വീകരിച്ചെന്ന് മന്ത്രി കെ രാജന്‍

സ്വന്തം ലേഖികUpdated: Friday Oct 11, 2024

തിരുവനന്തപുരം> ചൊക്രമുടി മലനിരകളിൽ നടന്ന ഭൂമി കൈയേറ്റത്തിനും നിർമാണ പ്രവർത്തനങ്ങൾക്കുമെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി കെ രാജൻ. ഇതുസംബന്ധിച്ച് പുറത്തുവരുന്നത് വാസ്തവവിരുദ്ധമായ വാർത്തകളാണെന്നും വസ്തുതകൾ മനസ്സിലാക്കാതെയാണ് തെറ്റായ വാർത്തകൾ നൽകുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൈയേറ്റം സംബന്ധിച്ചുള്ള സർക്കാർ നടപടിയെക്കുറിച്ച് കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. റവന്യുമന്ത്രിയുടെ ഓഫീസ് കൈയേറ്റത്തിന് കൂട്ടുനിന്നു എന്ന മാധ്യമങ്ങളുടെ ആരോപണം വാസ്തവവിരുദ്ധമാണ്. മെജോ ജോസഫ് എന്നയാളുടെ പരാതി പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ പരാതിയിൽ മേലെഴുത്ത് രേഖപ്പെടുത്തി ഇടുക്കി ജില്ലാ കലക്ടർക്ക് നൽകുക മാത്രമാണ് മന്ത്രിയുടെ ഓഫീസിൽനിന്ന്‌ ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കൈയേറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആ​ഗസ്ത് 23ന് ദേവികുളം തഹസിൽദാർ സ്റ്റോപ്‌ മെമ്മോ നൽകി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്പിക്കുകയും അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊക്രമുടിയിൽ ഒരു നിർമാണ പ്രവർത്തനവും പാടില്ലെന്ന് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് അന്വേഷണത്തിന് ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ അഞ്ചു പേരുടെ പ്രത്യേക അന്വേഷക സംഘത്തെയും രൂപീകരിച്ചു. അന്വേഷണത്തിൽ ഭൂമി കൈയേറ്റം നടന്നിട്ടുണ്ടെന്നും റവന്യു ഉദ്യോഗസ്ഥരുടേത് ഗുരുതര ചട്ടലംഘനമാണെന്നും കണ്ടെത്തി.

തുടർന്ന് ദേവികുളം തഹസിൽദാർ, ബൈസൺവാലി മുൻ വില്ലേജ് ഓഫീസർ, ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർ എന്നിവരെ സസ്പെൻഡ്‌ ചെയ്തു. കുടിയേറ്റക്കാർക്ക് പട്ടയം നൽകുന്നതിന് നിയമഭേദഗതി ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമ്പോഴും കൈയേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ട്. സംസ്ഥാനത്ത് പുരോഗമിച്ചുവരുന്ന ഡിജിറ്റൽ സർവേയിലൂടെ സർക്കാർ ഭൂമിയിലുള്ള മുഴുവൻ കൈയേറ്റവും കണ്ടെത്താൻ കഴിയും. അത്തരത്തിൽ കണ്ടെത്തുന്ന മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top