22 November Friday

വയനാട് ദുരന്തം: വാടക വീട് സ്വയം കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ വാടക നല്‍കും: മന്ത്രി രാജന്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

തിരുവനന്തപുരം> വയനാട്ടിലെ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം ഈ മാസം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍. വാടക വീട് സ്വയം കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ വാടക നല്‍കും. കൂടാതെ ബന്ധു വീട്ടില്‍ നില്‍ക്കുന്നവര്‍ക്കും വാടകയ്ക്ക് തുല്യമായ തുക നല്‍കുമെന്നും മന്ത്രി പറഞ്ഞു. 878 പേര്‍ക്കായി 1162 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന രണ്ടു സ്‌കൂളിലെയും കുട്ടികളെ അടുത്തുള്ള സ്‌കൂളുകളില്‍ എത്തിച്ച് പഠന സൗകര്യമൊരുക്കും. വരാന്‍ മാനസിക ബുദ്ധിമുട്ടുള്ളവരെ, അത് ഒരു കുട്ടിയാണെങ്കിലും വീട്ടിലെത്തി ക്ലാസ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സ്ഥലത്ത് തിരച്ചില്‍ നാളെയും തുടരും. ചാലിയാറില്‍ 4 മേഖലകളായി തിരിച്ചാണ് പരിശോധന നടത്തുക. നാളെ പ്രധാനമായി തിരച്ചില്‍ ചാലിയാര്‍ മേഖലയിലായിരിക്കും. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഇന്നെത്തി. അഞ്ചു പേരാണ് സംഘത്തിലുള്ളത്. നാളെ മുതല്‍ പരിശോധന തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചാലിയാറിന്റെ തീരത്ത് നിന്ന് രണ്ട് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. ചാലിയാറിന്റെ തീരത്ത് 7 സംഘങ്ങള്‍ അതി ദുര്‍ഘടമായ പ്രദേശത്താണ് ദൗത്യവുമായി ഇന്ന് എത്തിയത്. ഇരുട്ടുകുത്തി, കൊട്ടുപാറക്കടവ് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ഇന്ന് മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചത്.

തിരിച്ചറിയാനാവാത്ത ഒരു പൂര്‍ണ്ണ മൃതദേഹവും മൂന്ന് മൃതദേഹ ഭാഗങ്ങളും ഇന്ന് പുത്തുമലയിലെ ശ്മാശനത്തില്‍ സംസ്‌കരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top