തിരുവനന്തപുരം
മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഗുണഭോക്‌തൃപട്ടികയിലെ അപാകം പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ദുരന്ത ബാധിതരുടെ പുനരധിവാസം വേഗത്തിലാക്കാനുള്ള രൂപരേഖ ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലക്ടർ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് ചെയർമാനുമായ ജില്ലാ ദുരന്ത നിവാരണ സമിതി പരിശോധിച്ചാണ് പട്ടിക പ്രസിദ്ധീകരിച്ചത് . അപാകം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പട്ടിക അന്തിമമല്ല. ആക്ഷേപവും പരാതിയും ഉന്നയിക്കാൻ 15 ദിവസം അനുവദിച്ചിട്ടുണ്ട്. വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി പഞ്ചായത്ത് ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, കലക്ടറേറ്റ് എന്നിവിടങ്ങളിൽ പരാതി നൽകാം.
സബ് കലക്ടറുടെ നേതൃത്വത്തിൽ ഇത് പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ സമിതിക്ക് കൈമാറും. ഇപ്പോൾ തയ്യാറായത് തകർന്ന വീടുകളുടെ പട്ടികയാണ്. അപകടഭീഷണിയുള്ളതായി കണ്ടെത്തിയ വീടുകളുടെ പട്ടിക വൈകാതെ പ്രസിദ്ധീകരിക്കും. വീടുകൾ നിർമിച്ച് ഒരുമിച്ച് കൈമാറുമെന്നും മന്ത്രി ‘ദേശാഭിമാനി’യോട് പറഞ്ഞു.
മന്ത്രിസഭായോഗത്തിൽ പുനരധിവാസ ടൗൺഷിപ്പിന്റെ രൂപരേഖ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അവതരിപ്പിച്ചു. ആദ്യസഹായംമുതൽ കുടുംബശ്രീ മുഖാന്തിരം നടപ്പാക്കുന്ന പുനരുജ്ജീവന മൈക്രോപ്ലാൻവരെ അവതരിപ്പിച്ചു. വിശദതീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..