27 December Friday
സുധാകരന്റെ അനുയായി ടി പി രാജീവന്റെ 
മൊഴിയാണ് പുറത്തായത് , ക്വട്ടേഷൻ നൽകിയത്‌ ആർഎസ്‌എസ്‌ 
 പ്രവർത്തകർക്ക്‌

സുധാകരൻ പിണറായിയെയും കോടിയേരിയെയും ലക്ഷ്യമിട്ടു ; ഇ പി വധശ്രമക്കേസിലെ മൊഴി പുറത്ത്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 21, 2024


തിരുവനന്തപുരം
ഇ പി ജയരാജനെ വെടിവെച്ചുകൊല്ലാൻ ഗുണ്ടകളെ അയച്ച കെ സുധാകരൻ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്‌ണനെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായുള്ള മൊഴി പുറത്ത്‌. കേസിലെ പ്രതി തലശേരി സ്വദേശിയും കെ സുധാകരന്റെ അനുയായിയുമായ ടി പി രാജീവന്റെ മൊഴിയിലാണ്‌ കെ സുധാകരന്റെ പങ്കുവെളിപ്പെടുത്തുന്ന ഭാഗങ്ങളുള്ളത്‌.

‘‘ഞങ്ങൾ ഒന്നുരണ്ട്‌ ദിവസം ഡൽഹി റെയിൽവേ സ്റ്റേഷനിൽചെന്ന്‌ റിസർവേഷൻ ചാർട്ട്‌ പ്രകാരം സിപിഐ എം പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞ്‌ കേരളത്തിലേക്ക്‌ മടങ്ങുന്ന സിപിഐ എം നേതാക്കളുടെ പേര്‌ പരിശോധിച്ചു. പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞതിന്‌ ശേഷമുള്ള ഒരു ദിവസം ഇ പി ജയരാജൻ എന്നും വിജയൻ എന്നും മറ്റുമുള്ള പേരുകണ്ടു. ആ ട്രെയിനിൽ വെച്ച്‌ വിജയനെയോ ജയരാജനെയോ കൊല്ലാൻ തീരുമാനിച്ചു’’. രാജീവിന്റെ മൊഴി ഇങ്ങനെയാണ്‌.

ആർഎസ്‌എസുകാരായ വിക്രംചാലിൽ ശശിയെയും പേട്ട ദിനേശനെയും സുധാകരന്‌ പരിചയപ്പെടുത്തിയതും ക്വട്ടേഷൻ ഏൽപ്പിച്ചതും രാജീവനായിരുന്നു. കേരളത്തിന്‌ പുറത്തുവെച്ച്‌ കൊലപ്പെടുത്താനായിരുന്നു ധാരണ. അങ്ങനെയാണ്‌ ചണ്ഡീഗഡിൽനിന്ന്‌ പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞുമടങ്ങുംവഴി ട്രെയിനിൽ വെച്ച്‌ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്‌തതെന്നും മൊഴിയിലുണ്ട്‌.

ലക്ഷ്യമിടേണ്ടത്‌ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ എന്നിവരിൽ ഒരാളായിരിക്കണം. ഇതിൽ മുൻതൂക്കം പിണറായി വിജയനെ ആകണമെന്ന്‌ പറഞ്ഞിരുന്നതായി ടി പി രാജീവൻ പറയുന്നു. മൂന്നുപേരും യാത്ര ചെയ്യുന്ന ട്രെയിനാണ്‌ കൊലപാതകം നടത്താൻ തെരഞ്ഞെടുത്തത്‌. പ്രതികൾ ഊഴം കാത്തുനിൽക്കുമ്പോൾ സീറ്റിൽ നിന്നെഴുന്നേറ്റ്‌ പുറത്തേയ്‌ക്ക്‌ നടന്നത്‌ ഇപി ആയിരുന്നു. പിന്നെ ഊഴം കാക്കേണ്ടെന്ന്‌ തീരുമാനിച്ച്‌ വെടിയുതിർക്കുകയായിരുന്നു. ഇപിയെ വെടിവെച്ച ശേഷം പുറത്തേയ്‌ക്ക്‌ ചാടി മറ്റൊരു ട്രെയിനിൽ കയറിയ ശശിയെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്‌ പിടിച്ചത്‌. തോക്കുകൾ നൽകിയത്‌ കെ സുധാകരനാണെന്ന്‌ പ്രതികൾ പൊലീസിന്‌ മൊഴി നൽകിയിരുന്നു. ഇവർ താമസിച്ച തിരുവനന്തപുരത്തെ ശ്രീദേവി ടൂറിസ്‌റ്റ്‌ ഹോമിൽ നിന്ന്‌ സുധാകരനെ വിളിച്ചിരുന്നു. തൈക്കാട്‌ ഗസ്റ്റ്‌ ഹൗസിലെ ഫോണിലേക്ക്‌ വിളിച്ചതിന്റെ തെളിവുകൾ പൊലീസ്‌ ശേഖരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top