04 December Wednesday

തടി വേണോ ജീവൻ വേണോ; വിമതരെ തട്ടുമെന്ന്‌ കെ സുധാകരൻ

പ്രത്യേക ലേഖകൻUpdated: Sunday Oct 27, 2024

കോഴിക്കോട് > സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പരാജയപ്പെട്ടാൽ  വിമതരെ തട്ടുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ‘തടി വേണോ ജീവൻ വേണോ’ എന്ന് ചേവായൂർ സഹകരണബാങ്ക്‌ തെരഞ്ഞെടുപ്പിൽ   മത്സരിക്കുന്ന കോൺഗ്രസ്‌ വിമതർ ഓർക്കണമെന്നും കൊലവിളിച്ചു.  വെള്ളി രാത്രി നെല്ലിക്കോട്‌ ദേശപോഷിണി കമ്യൂണിറ്റി ഹാളിൽ ചേർന്ന ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷനിലായിരുന്നു കൊലവിളി.  
 പ്രസംഗത്തിൽനിന്ന്‌: ‘‘ഗാന്ധിസം പറഞ്ഞിട്ട്‌ കാര്യമില്ല. .... ഞങ്ങളെ ഒറ്റുകൊടുത്ത്‌ സിപിഐ എമ്മിന്‌  ബാങ്ക്‌ പതിക്കാൻ കരാറെടുത്തവരുണ്ടല്ലോ, അവരൊന്നോർത്തോ. ശരിയല്ലാത്ത എന്തെങ്കിലും സംഭവിച്ചാൽ  പ്രദേശത്ത്‌ ജീവിക്കാൻ അനുവദിക്കില്ല. എവിടുന്നാണ്‌ ശൂലം വരികാന്നൊന്നും ഞാൻ പറയുന്നില്ല. അതുകൊണ്ട്‌  തടി വേണോ ജീവൻ വേണോ. ഈ പ്രശ്‌നത്തിൽ ഇടപെട്ടാൽ ആ ശ്രമത്തിന്‌ തിരിച്ചടിയുണ്ടാകും. രണ്ടും കൽപ്പിച്ചുള്ള പോക്കുപോകണം. നമുക്കാവശ്യമായ എല്ലാ സന്നാഹങ്ങളും ആ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ നമുക്ക്‌ ഉണ്ടാക്കാം’’.

കണ്ണൂരിലെ സഹകരണബാങ്കുകൾ സിപിഐ എമ്മിൽനിന്ന്‌ പിടിച്ചെന്ന്‌ വീരസ്യം പറഞ്ഞായിരുന്നു  തുടക്കം.  സഹകരണ ബാങ്കുകളെ ചില കോൺഗ്രസുകാർ ജീവിക്കാനുള്ള മാർഗമായി മാറ്റുകയാണ്. പാർടി പ്രവർത്തകർക്ക് ജോലി കൊടുക്കാതെ, ഇടതുപക്ഷക്കാരനും ബിജെപിക്കാരനും കൊടുക്കുകയാണെന്നും സുധാകരൻ  പറഞ്ഞു.

പതിറ്റാണ്ടുകളായി കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള ചേവായൂർ  ബാങ്ക് ഭരണസമിതിയും ഡിസിസി നേതൃത്വവും രണ്ടുചേരിയിലാണ്. ഭരണസമിതിയിലെ ഏഴുപേരെ ഡിസിസി പുറത്താക്കിയിരുന്നു. സഹകാരികളിൽ ഭൂരിഭാഗവും എതിർപക്ഷത്തായതോടെയാണ്‌ കൺവൻഷനിൽ സുധാകരനെ കൊണ്ടുവന്നത്. നവംബർ 16നാണ്‌ തെരഞ്ഞെടുപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top