03 December Tuesday

‘ഞാൻ വന്നിട്ട്‌ 
അടിക്കാം’ ; ചേലക്കരയിൽ സംഘർഷത്തിന്‌ സുധാകരന്റെ ആഹ്വാനം

സ്വന്തം ലേഖകൻUpdated: Sunday Nov 3, 2024


ചേലക്കര
ഉപതെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കാൻ  ലക്ഷ്യമിട്ട്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അക്രമാഹ്വാനം. ചെറുതുരുത്തിയിൽ വെള്ളിയാഴ്‌ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ്‌ കോൺഗ്രസ്‌ പ്രവർത്തകരോട്‌ സുധാകരൻ ആക്രമണത്തിന്‌ ആഹ്വാനം ചെയ്‌തത്‌. സംഘർഷത്തിൽ ബേജാറാകേണ്ടന്നും താൻ ഞായറാഴ്‌ച ചേലക്കരയിൽ വരുന്നുണ്ടെന്നും എന്നിട്ട്‌ അടിക്കാമെന്നും സുധാകരൻ വീഡിയോ കോളിൽ പറയുന്ന ദൃശ്യമാണ്‌ പുറത്തായത്‌.

ചെറുതുരുത്തിയിൽ വെള്ളി വൈകിട്ട്‌ കോൺഗ്രസ്‌ പ്രവർത്തകർ  വള്ളത്തോൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷെയ്‌ക്ക്‌ അബ്ദുൾ ഖാദർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ ഗിരീഷ്‌ എന്നിവരെ മർദിച്ചിരുന്നു. പഞ്ചായത്ത്‌ സ്ഥലത്ത്‌  തെരഞ്ഞെടുപ്പ്‌ ബോർഡുകൾ സ്ഥാപിക്കുന്നതിനിടെയുണ്ടായ തർക്കം പരിഹരിക്കാൻ ചെന്നപ്പോഴായിരുന്നു മർദനം. തലക്കടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ച പൊലീസിനേയും കോൺഗ്രസുകാർ കൈയേറ്റം ചെയ്‌തു. കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ ടി എൻ പ്രതാപൻ, അനിൽ അക്കര എന്നിവരുടെ നേതൃത്വത്തിൽ ചെറുതുരുത്തി പൊലീസ്‌ സ്‌റ്റേഷനിൽ ഉന്തുംതള്ളുമുണ്ടാക്കി. ഇതിന്റെ മറവിൽ മണ്ഡലത്തിൽ അക്രമം അഴിച്ചുവിടാനും ശ്രമിച്ചു. ജില്ലയിലെയും മണ്ഡലത്തിലേയും പ്രവർത്തകരോട്‌ ചെറുതുരുത്തിയിൽ എത്താൻ നേതാക്കൾ വാട്‌സാപ്പ്‌ ഗ്രൂപ്പുകളിൽ ആവശ്യപ്പെട്ടു. കോൺഗ്രസ്‌, യുഡിഎഫ്‌ നേതാക്കൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയതാണ്‌ ചെറുതുരുത്തി അക്രമമെന്ന്‌ സുധാകരന്റെ ഭീഷണിയോടെ വ്യക്തമായി.

കെ സുധാകരന്റെ പ്രസ്താവന 
സംഘർഷമുണ്ടാക്കാൻ
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സംഘർഷം സൃഷ്‌ടിക്കാനുള്ള കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ആഹ്വാനം ജനം തിരിച്ചറിയണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ കടുത്ത അങ്കലാപ്പിലാണ്‌. കോൺഗ്രസിന്റെ വിവിധ നേതാക്കൾ ദിനംപ്രതി രാജിവയ്‌ക്കുന്നു. കള്ളപ്രചാരണങ്ങൾ ജനങ്ങളിൽ ഏശുന്നില്ല. ഈ സാഹചര്യത്തിലാണ്‌ സംഘർഷം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ കെപിസിസി പ്രസിഡന്റ്‌ പരസ്യമായി ആഹ്വാനം നൽകുന്നത്‌.

തങ്ങൾക്ക്‌ വോട്ടുചെയ്‌തില്ലെങ്കിൽ ശക്തമായി അനുഭവങ്ങൾ നേരിടേണ്ടിവരുമെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകരെപ്പോലും ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക്‌ കെപിസിസി പ്രസിഡന്റ്‌ തരംതാണിരിക്കുന്നു. 
   ഇത്തരം നിലപാടുകൾക്കെതിരായ ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നും എം വി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top