കൊച്ചി> മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി 20ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രതിപ്പട്ടികയിൽനിന്ന് സുരേന്ദ്രനെ ഒഴിവാക്കിയത് മതിയായ കാരണങ്ങളില്ലാതെയാണെന്ന് പുനഃപരിശോധനാഹർജിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ രേഖകളേക്കാൾ, പ്രതികൾ ഹാജരാക്കിയ രേഖകളാണ് കോടതി അവലംബിച്ചത്. വിചാരണയ്ക്കുമുമ്പേ തീർപ്പുകൽപ്പിക്കുന്ന രീതിയുണ്ടായി. സുരേന്ദ്രനെതിരെ പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ പരിഗണിച്ചില്ല എന്നും ചൂണ്ടിക്കാട്ടിയിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ മത്സരിക്കുമ്പോൾ ബിഎസ്‌പിയിലെ കെ സുന്ദരയും പത്രിക നൽകിയിരുന്നു. സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിർദേശപത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കോഴയായി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയിരുന്നു. കെ സുരേന്ദ്രനുപുറമെ ബിജെപി കാസർകോട് മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്ഠ റായ്, വെെ സുരേഷ്, ലോകേഷ് നോട്ട എന്നിവരാണ് മറ്റു പ്രതികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..