31 December Tuesday

മുഈനലിക്കെതിരെ നടപടിയെടുത്താൽ കുഞ്ഞാലിക്കുട്ടിക്ക്‌ പിന്നെ രാഷ്‌ട്രീയ ജീവിതമില്ല; ശബ്‌ദരേഖ പുറത്തുവിടുമെന്നും കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 7, 2021


മലപ്പുറം> പാണക്കാട്‌ ഹൈദരലി ശിഹാബ്‌  തങ്ങളുടെ മകൻ  മുഈനലി തങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുത്താല്‍   പി കെ കുഞ്ഞാലിക്കുട്ടി രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്ന്‌ കെ ടി ജലീൽ. ഇ ഡി വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തു വിടേണ്ടി വരുമെന്നും ഇതോടെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെടി ജലീല്‍ മുന്നറിയിപ്പ് നല്‍കി.

’സത്യം വിളിച്ച് പറഞ്ഞ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ ലീഗിന്റെ നേതൃ യോഗത്തില്‍ നടപടി  എടുപ്പിക്കാമെന്നാണ് ഭാവമെങ്കില്‍ അതിനദ്ദേഹം വലിയ വില നല്‍കേണ്ടി വരും. അദ്ദേഹം തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പല അംഗങ്ങളോടും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ശബ്ദരേഖകള്‍ അറ്റകൈയ്ക്ക് പുറത്തു വിടേണ്ടി വരും.സൂക്ഷിച്ച് കൈകാര്യം ചെയ്താൽ നന്ന്' കെടി ജലീല്‍ വളാഞ്ചേരിയിൽ  മാധ്യമങ്ങളോട് പറഞ്ഞു

ലീഗിനെ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയാക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്‌. ഇതിനെതിരെ എന്നും പ്രവർത്തകർ പ്രതിഷേധിച്ചിട്ടുണ്ട്‌. സത്യം പറഞ്ഞ മുഈനലി തങ്ങൾക്കെതിരെ തന്റെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് നടപടി എടുക്കാനാണ് ഭാവമെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. മുഈനലി തങ്ങൾക്കെതിരെ വളരെ മോശമായി കേട്ടാലറയ്ക്കുന്ന പദപ്രയോഗമാണ് തെരുവ് ഗുണ്ട നടത്തിയത്. ഇങ്ങനെയൊക്കെ പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്ന് കുഞ്ഞാലിക്കുട്ടി വിചാരിക്കുന്നുവെങ്കിൽ അത്‌ തെറ്റാണ്. 2006ൽ സംഭവിച്ചതിനപ്പുറം കാര്യങ്ങൽ നീങ്ങും. കാത്തിരുന്നു കാണാമെന്നും  ജലീൽ പറഞ്ഞു.

മുഈനലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരാനിരിക്കെയാണ് കെ ടി ജലീലിന്റെ മുന്നറിയിപ്പ്. മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം കുഞ്ഞാലിക്കുട്ടി പക്ഷം ആവശ്യപ്പെടുന്നുണ്ട്‌.

ചന്ദ്രിക ദിനപത്രത്തിലുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഹൈദരാലി ശിഹാബ്‌ തങ്ങൾ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇ ഡി നോട്ടീസ്‌ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കെ ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായി  വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഈനലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ  വിമര്‍ശിച്ചത്‌. 40 വര്‍ഷമായി പാര്‍ട്ടിയുടെ മുഴുവന്‍ ഫണ്ടും കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും ചന്ദ്രികയില്‍ നടക്കുന്നത് വലിയ ക്രമക്കേടാണെന്നും മുഈനലി തുറന്നടിച്ചു. തന്റെ ബാപ്പ   ഹൈദരലി ശിഹാബ്‌ തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്‌നങ്ങളാണെന്നും മുഈനലി പറഞ്ഞിരുന്നു

ഇതിനെതിരെ വാർത്താ സമ്മേളനത്തിൽതന്നെ കുഞ്ഞാലിക്കുട്ടിയുടെ ഗുണ്ട റാഫി പുതിയകടവ്‌ മുഈനലിയെയും പാണക്കാട്‌ കുടുംബത്തേയും അസഭ്യം പറഞ്ഞിരുന്നു. ഗുണ്ടക്കെതിരെ ഒരു നടപടിയുമില്ലാതെ മുഈനലിക്കെതിരെ നടപടിയെടുപ്പിക്കാനാണ്‌  കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ   ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top