മലപ്പുറം
രാഷ്‌ട്രീയ വിമർശങ്ങൾ സഹിക്കാനാവുന്നില്ലെങ്കിൽ മുസ്ലിംലീഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സാദിഖലി തങ്ങളെ മാറ്റി നിർത്തണമെന്ന് കെ ടി ജലീൽ എംഎൽഎ. പാണക്കാട് തങ്ങന്മാരെ രാഷ്ട്രീയ നേതൃത്വം കൈയാളുന്നതിൽനിന്ന് ഒഴിവാക്കി മത സംഘടനാ നേതൃത്വത്തിലും ഖാളി ഫൗണ്ടേഷനിലും പരിമിതപ്പെടുത്തിയാൽ മാത്രമേ അവർ വിമർശത്തിന് അതീതരാകൂ. അങ്കത്തട്ടിൽ കളരിക്കിറങ്ങിയ ചേകവരെ തൊടാൻ പാടില്ലെന്ന് പറയുംപോലെ അസംബന്ധമാണ് രാഷ്ട്രീയക്കളരിയിൽ സജീവമായി നിൽക്കുന്ന സാദിഖലി തങ്ങളെ വിമർശിക്കരുതെന്ന് പറയുന്നത്.
ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന മുസ്ലിംലീഗ് ജമാഅത്തെ ഇസ്ലാമിയെ എന്തിനാണ് സ്വന്തം ആലയിൽ കെട്ടിയിരിക്കുന്നതെന്ന് വ്യക്തമാക്കണം. കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനോളം പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചവർ മറ്റാരും ഉണ്ടായിട്ടില്ല. കൊടപ്പനക്കൽ തറവാട്ടിലെ തങ്ങന്മാരെ അഖിലേന്ത്യാ ലീഗ് നേതാക്കൾ അപഹസിച്ചപോലെ മറ്റാരും പരിഹസിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. അവരെല്ലാം ഇന്ന് ലീഗ് നേതൃനിരയിലെ പ്രമുഖരാണ്. അവരെയൊക്കെ നേരിട്ടിട്ട് നാട്ടുകാരുടെ മെക്കട്ട് കയറിയാൽ മതിയെന്നും കെ ടി ജലീൽ ഫെയ്സ്‌ബുക്കിൽ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..