തിരുവനന്തപുരം> ഇരിങ്ങാലക്കുടയുടെ സാംസ്കാരികമണ്ഡലത്തിലെ സുപ്രധാനസാന്നിധ്യമായിരുന്ന കെ വി രാമനാഥൻ മാഷ് മലയാളത്തിന്റെ ബാലസാഹിത്യശാഖക്ക് നൽകിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.വ്യക്തിപരമായി പിതൃതുല്യനും നാടിനു പ്രിയങ്കരനും ആയിരുന്നു മാഷെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സ്കൂൾ വിദ്യാർഥികൾ മലയാളം ഉപപാഠപുസ്തകമായി പഠിച്ചിരുന്ന ഉള്ളുലക്കുന്ന രചനയായ "കണ്ണുനീർമുത്തുകൾ", പൂമ്പാറ്റയിൽ പ്രസിദ്ധീകരിച്ചിരുന്ന, പിന്നീട് പുസ്തകമായപ്പോൾ നിരവധി പുരസ്കാരങ്ങൾ നേടിയ "അത്ഭുതവാനരന്മാർ" തുടങ്ങി മാഷ് രചിച്ച കുട്ടികൾക്കായുള്ള സൃഷ്ടികളും മറ്റു കുറിപ്പുകളും കവിതകളും ഗാനങ്ങളുമെല്ലാം ലളിതമനോഹരമായ ശൈലിയിൽ എഴുതപ്പെട്ടവയാണ്.
പിന്നണി ഗായകൻ പി ജയചന്ദ്രൻ, ഐഎസ്ആർഒ ചെയർമാൻ ആയിരുന്ന ശ്രീ രാധാകൃഷ്ണൻ, ക്യാൻസർ ചികിത്സാ വിദഗ്ദ്ധൻ ഡോ. ഗംഗാധരൻ, പ്രശസ്ത അഭിനേതാവ് ഇന്നസെന്റ് തുടങ്ങി നിരവധി പ്രഗത്ഭമതികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്നു രാമനാഥൻ മാഷ്. അച്ഛൻ രാധാകൃഷ്ണൻ മാസ്റ്റരുടെ ആത്മസുഹൃത്തും സ്കൂൾ- കോളേജ്മേറ്റും ദീർഘകാലം സഹപ്രവർത്തകനും ആയിരുന്നു. രാമനാഥനില്ലാതെ അച്ഛന് ഒരു കാര്യവുമുണ്ടായിരുന്നില്ല - മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു.
തന്റെ അദ്ധ്യാപിക കൂടിയായ പത്നി രാധടീച്ചറുടെയും മക്കളായ രേണു രാമനാഥ് (സംഗീത നാടക അക്കാദമി നിർവ്വാഹകസമിതി അംഗം), ഇന്ദുകല (ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക) എന്നിവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..