22 December Sunday

കടയ്ക്കൽ വിപ്ലവത്തിന് 86വയസ്സ്

സനു കുമ്മിൾUpdated: Saturday Sep 28, 2024

കടയ്ക്കൽ > കടയ്ക്കൽ വിപ്ലവത്തിന് 86വയസ്സ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും മുമ്പേ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ച 1938 ജനകീയ കർഷകസമരമാണ്‌ കടയ്ക്കൽ വിപ്ലവം. സർ സി പിയുടെ കിരാതവാഴ്ചയെ ഒമ്പതു ദിവസത്തേക്ക് തുരത്തിയായിരുന്നു കടയ്ക്കൽ സ്വതന്ത്രരാജ്യമായി മാറിയത്. 1938 സെപ്തംബർ 26നാണ് (1114 കന്നി 10)കടയ്ക്കൽ ചന്തയിൽ കരാറുകാർ ഏർപ്പെടുത്തിയ അന്യായമായ പിരിവിനെതിരെയുള്ള സമരത്തിന്റെ തുടക്കം. ഇതിനെ പൊലീസിനെയും ​ഗുണ്ടകളെയും ഉപയോ​ഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചതോടെ ജനം തിരിച്ചടിച്ചു. പിന്നാലെ കടയ്ക്കലിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു.

കടയ്ക്കൽ രാജാവായി പുതിയവീട്ടിൽ രാഘവൻപിള്ളയെയും മന്ത്രിമാരായി പരമേശ്വരൻപിള്ളയെയും ചന്തിരൻ കാളിയമ്പിയെയും തെരഞ്ഞെടുത്തു. എന്നാൽ, ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഈ സ്വതന്ത്രരാജ്യത്തിനുണ്ടായിരുന്നത്.  ബ്രിട്ടീഷ് പട്ടാളമെത്തി കടയ്ക്കൽ പിടിച്ചെടുത്തു. സ്ത്രീകളെയും കുട്ടികളെയുമടക്കം പട്ടാളം തല്ലിച്ചതച്ചു. 80ൽ ഏറെ വീട് ചുട്ടെരിച്ചു. പുതിയവീട്ടിൽ രാഘവൻപിള്ളയെ അഞ്ചുകൊല്ലം ജയിലിലിട്ടു. മന്ത്രി ചന്തിരൻ കാളിയമ്പിക്ക്‌ വർഷങ്ങള്‍ ഒളിവിൽ കഴിയേണ്ടിവന്നു. നിരവധിപേരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിൽ അടച്ചു.

സമരത്തിന്റെ സ്മരണപുതുക്കി ഓർമദിനത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌  വിപ്ലവസ്മാരകത്തിൽ പരിപാടി സംഘടിപ്പിക്കും. കടയ്ക്കൽ പഞ്ചായത്തിലെ ഇടതുമുന്നണി ഭരണസമിതി മുൻകൈയെടുത്താണ് കടയ്ക്കൽ സമരസ്മാരകം സ്ഥാപിച്ചത്. പിന്നീട് ഇത് കൂടുതൽ നവീകരിക്കുകയും കടയ്ക്കൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഇവിടെ ശിൽപ്പങ്ങൾ നിർമിക്കുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top