കടയ്ക്കൽ > ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും മുമ്പ് സ്വതന്ത്ര്യരാജ്യം പ്രഖ്യാപിച്ച നാട്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനായി ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് ഭരണം നടത്തിയ സർ സി പിക്കെതിരെ വിപ്ലവം നയിച്ച രണധീരരുടെ നാട് കടയ്‌ക്കൽ. 1938ലെ ജനകീയ കർഷകസമരമാണ് കടയ്ക്കൽ വിപ്ലവം. സർ സി പിയുടെ കിരാതവാഴ്ചയെ ഒമ്പതു ദിവസത്തേക്ക് തുരത്തിയായിരുന്നു കടയ്ക്കൽ സ്വതന്ത്രരാജ്യമായി മാറിയത്.
1938 സെപ്‌തംബർ 26നാണ് (1114 കന്നി 10)കടയ്ക്കൽ ചന്തയിൽ കരാറുകാർ ഏർപ്പെടുത്തിയ അന്യായ പിരിവിനെതിരായ സമരത്തിന്റെ തുടക്കം. ഇതിനെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചതോടെ ജനം തിരിച്ചടിച്ചു. പിന്നാലെ കടയ്ക്കലിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. കടയ്ക്കൽ രാജാവായി പുതിയവീട്ടിൽ രാഘവൻപിള്ളയെയും മന്ത്രിമാരായി പരമേശ്വരൻപിള്ളയെയും ചന്തിരൻ കാളിയമ്പിയെയും തെരഞ്ഞെടുത്തു. എന്നാൽ, ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഈ സ്വതന്ത്രരാജ്യത്തിന് ഉണ്ടായിരുന്നത്. ബ്രിട്ടിഷ് പട്ടാളമെത്തി കടയ്ക്കൽ പിടിച്ചെടുത്തു. സ്ത്രീകളെയും കുട്ടികളെയുമടക്കം തല്ലിച്ചതച്ചു. 80ൽ ഏറെ വീടുകൾ ചുട്ടെരിച്ചു. പുതിയവീട്ടിൽ രാഘവൻപിള്ളയെ അഞ്ചുകൊല്ലം ജയിലിലിട്ടു. മന്ത്രി ചന്തിരൻ കാളിയമ്പിക്ക് വർഷങ്ങൾ ഒളിവിൽ കഴിയേണ്ടിവന്നു. നിരവധിപേരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിൽ അടച്ചു. പലർക്കും ക്രൂരമർദനത്തിൽ ജീവൻ നഷ്ടമായി.
കടയ്ക്കൽ പഞ്ചായത്തിലെ ഇടതുമുന്നണി ഭരണസമിതി മുൻകൈയെടുത്ത് 1994ൽ ഇ എം എസാണ് കടയ്ക്കൽ സമരസ്മാരകം സ്ഥാപിച്ചത്. പിന്നീട് 2010ൽ നവീകരിച്ചു. കടയ്ക്കൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഓർമപ്പെടുത്ത വിപ്ലവശിൽപ്പങ്ങൾ നിർമിച്ചു. അക്രമവും ചെറുത്തുനിൽപ്പുമെല്ലാം നടന്നതിനാൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് തള്ളിപ്പറഞ്ഞ കടയ്ക്കൽ സമരത്തിലെ പോരാളികളുടെ കുടുംബങ്ങൾക്ക് തണലായതും വിപ്ലവസ്മാരകവും തലമുറകൾക്കായി ലൈബ്രറിയുമൊക്കെ സ്ഥാപിച്ചതും ഇടതുപക്ഷമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..