26 December Thursday
നിര്‍ണായകമായി 
സിസിടിവി ദൃശ്യം

കളമശേരി കൊലപാതകം ; ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനും 
യുവതിയും അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024


കൊച്ചി
ഇടപ്പള്ളി കൂനംതൈയിലെ അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്‌ത്രീയെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരനും യുവതിയും അറസ്‌റ്റിൽ. തൃക്കാക്കര മൈത്രിപുരം റോഡ് സ്വദേശി ഗിരീഷ് ബാബു (42), തൃപ്പൂണിത്തുറ എരൂർ കല്ലുവിളവീട്ടിൽ ഖദീജ (പ്രബിത–-42) എന്നിവരെയാണ് തിങ്കൾ പുലർച്ചെ കളമശേരി പൊലീസ് അറസ്‌റ്റ്‌ ചെയ്തത്. ഗിരീഷ്‌ ഒറ്റയ്‌ക്കാണ്‌ കൊലപാതകം നടത്തിയത്‌.

പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടിവീട്ടിൽ ജെയ്‌സി എബ്രഹാമിനെ (55) 17നാണ്‌ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌.  ജെയ്‌സിയെ ഓൺലൈൻ ഡേറ്റിങ്‌ ആപ്പ്‌ വഴിയാണ്‌ ഗിരീഷ് ബാബു പരിചയപ്പെട്ടത്‌. ലക്ഷങ്ങളുടെ കടമുണ്ടായിരുന്ന ഇയാൾ അത്‌ വീട്ടാനുള്ള പണം കണ്ടെത്താനാണ്‌ കൊലപാതകം നടത്തിയതെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗിരീഷ്‌ ബാബുവിന്റെ സുഹൃത്താണ് ഖദീജ. ഇരുവരുടെയും സുഹൃത്തായിരുന്നു ജെയ്‌സി.  ജെയ്‌സിയെ കൊന്ന്‌ സ്വർണവും പണവും മോഷ്ടിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. റിയൽ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജെയ്‌സിയുടെ പക്കൽ വൻതുക ഉണ്ടാകുമെന്ന്‌ ധരിച്ചു. ജെയ്‌സി അടുത്തിടെ കാലടിയിൽ വീടും സ്ഥലവും 30 ലക്ഷത്തിന്‌ വിറ്റത്‌ ഇവർക്ക്‌ അറിയാമായിരുന്നു.

മദ്യം നൽകി 
തലയ്‌ക്ക്‌ അടിച്ചു
കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിനുസമീപത്തെ വീട്ടിൽനിന്ന്‌ 17ന്‌ രാവിലെ സഹോദരന്റെ ബൈക്കിൽ ഗിരീഷ് ബാബു പലവഴികളിലൂടെ സഞ്ചരിച്ച് ഉണിച്ചിറ പൈപ്പ്‌ലൈൻ റോഡിലെത്തി. അവിടെനിന്ന് രണ്ട് ഓട്ടോകൾ മാറിക്കയറി ജെയ്‌സിയുടെ ഫ്ലാറ്റിലെത്തി.  കൈയിലുണ്ടായിരുന്ന മദ്യം ജെയ്‌സിക്കൊപ്പം കഴിച്ചു. മദ്യലഹരിയിലായ ജെയ്‌സി കട്ടിലിൽ കിടന്നു. ഈ സമയം പ്രതി ബാഗിൽ കരുതിയ ഡംബൽ എടുത്ത് അവരുടെ തലയിൽ പലതവണ അടിച്ചു. നിലവിളിച്ചപ്പോൾ  മുഖം തലയണവച്ച് അമർത്തിപ്പിടിച്ച് മരണം ഉറപ്പാക്കി. കൊലപാതകശേഷം ജെയ്‌സിയുടെ രണ്ട് ഫോണുകളും കൈയിലുണ്ടായിരുന്ന രണ്ടുപവന്റെ രണ്ട് വളകളും മോതിരവും കവർന്നു. ഫ്ലാറ്റിന്റെ വാതിൽ കൈയിലുണ്ടായിരുന്ന മറ്റൊരു താക്കോൽ ഉപയോഗിച്ച് പുറത്തുനിന്ന് പൂട്ടി. പകൽ 12.30നും ഒന്നിനുമിടയിലായിരുന്നു കൊലപാതകം.

ശുചിമുറിയിൽ തെന്നിവീണ് മരിച്ചെന്ന്‌ വരുത്താൻ മൃതദേഹം വലിച്ച്‌ ശുചിമുറിയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട്‌ സ്വന്തം ശരീരത്തിലെ രക്തം കഴുകി  വേറെ ടി ഷർട്ട് ധരിച്ച്‌ മറ്റൊരു വഴിയിലൂടെ ഓട്ടോയിൽ പൈപ്പ്‌ലൈൻ ജങ്‌ഷനിലെത്തി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച രണ്ട്‌ വളകൾ കണ്ടെടുക്കാനുണ്ട്‌.

രണ്ടുമാസത്തെ ആസൂത്രണം
രണ്ടുമാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം. ഗിരീഷ് ബാബുവിന് 50,000 രൂപയിലേറെ ശമ്പളം ലഭിച്ചിരുന്നു. എന്നാൽ ലോൺ ആപ്, ക്രെഡിറ്റ് കാർഡ് വഴി ലക്ഷങ്ങളുടെ സാമ്പത്തികബാധ്യത ഉണ്ടായിരുന്നു. തൃക്കാക്കര എസിപി പി വി ബേബി, കളമശേരി ഇൻസ്‌പെക്ടർ എം ബി ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

നിര്‍ണായകമായി 
സിസിടിവി ദൃശ്യം
പ്രതി ഗിരീഷ്‌ ബാബുവിലേക്ക്‌ പൊലീസ്‌ എത്തിയത്‌ സിസിടിവി ദൃശ്യങ്ങളിലൂടെ. ഇടപ്പള്ളി കൂനംതൈയിലെ അപ്പാർട്ട്‌മെന്റിനുമുന്നിലെ റോഡിലൂടെ 17ന് രാവിലെ 10.20ന് ഹെൽമെറ്റ് ധരിച്ച യുവാവ് നടന്നുപോകുന്ന ദൃശ്യം ലഭിച്ചു. 12.50ന് തിരികെ പോകുമ്പോഴും ഹെൽമെറ്റ് ഉണ്ടായിരുന്നു. എന്നാൽ, മറ്റൊരു ടീഷർട്ട് ധരിച്ചതായി കണ്ടെത്തി. മുഖം വ്യക്തമായിരുന്നില്ല. ശരീരപ്രകൃതിവച്ച്‌ ഗിരീഷാണെന്ന്‌ ഉറപ്പിച്ചു.  കാനഡയിൽനിന്ന്‌ ജെയ്‌സിയെ മകൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതെയാണ്‌  പൊലീസിനെ അറിയിച്ചത്‌. ഇവർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫോൺവിളി വിവരങ്ങളും നിർണായകമായി. ജെയ്‌സിയെ ഗിരീഷ്‌ ബാബു സ്ഥിരം ഫോണിൽ വിളിച്ചിരുന്നു. എന്നാൽ, കൊലപാതകത്തിനുമുമ്പുള്ള 20 ദിവസം വിളിച്ചിട്ടില്ല. ഖദീജയും ബന്ധപ്പെട്ടില്ല. എന്നാൽ, ഗിരീഷ്‌ ബാബുവും ഖദീജയും കൊലപാതകത്തിന്‌ മുമ്പും ശേഷവും പലതവണ ഫോൺബന്ധം പുലർത്തിയിരുന്നു.  
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു ബൈക്കിന്റെ നമ്പർ പൊലീസിന് ലഭിച്ചു. അത് ഗിരീഷിന്റെ സഹോദരന്റേതായിരുന്നു. ഇതും ഗിരീഷിന്റെ പങ്ക്‌ ഉറപ്പിച്ചു.

രണ്ടാഴ്‌ച മുമ്പ്‌ ഫൈനൽ 
റിഹേഴ്‌സൽ
കൊലപാതകത്തിന്‌ ഗിരീഷ്‌ ബാബു ‘റിഹേഴ്‌സൽ’ നടത്തിയത്‌ രണ്ടുതവണ. ഇതിൽ അവസാനത്തേത്‌ നവംബർ മൂന്നിന്‌. സഹോദരന്റെ ബൈക്കിൽ വീട്ടിൽനിന്ന്‌ ഗിരീഷ് പല വഴികളിലൂടെ സഞ്ചരിച്ച് പൈപ്പ്‌ലൈൻ റോഡിലെത്തി. അവിടെനിന്ന്  രണ്ട് ഓട്ടോകൾ മാറിക്കയറി അപ്പാർട്ട്‌മെന്റിൽ. അപ്പാർട്ട്‌മെന്റിലെ സിസിടിവി കാമറ ഒഴിവാക്കിയായിരുന്നു സഞ്ചാരം. മുഖം പതിയാതിരിക്കാൻ ഹെൽമെറ്റും ധരിച്ചു.റോഡിലുള്ള മറ്റൊരു സിസിടിവി കാമറ ഇയാളുടെ കണ്ണിൽപ്പെട്ടില്ല. കൊലപാതകത്തിന്‌ അടുത്ത ദിവസം പുലർച്ചെയാണ്‌ ആ സിസിടിവി കാമറയുടെ ചുവപ്പ്‌ ലൈറ്റ്‌ ഇയാൾ കണ്ടത്‌.

കൊലപാതകശേഷം ഭയന്ന പ്രതി മുറിയിലെ അലമാര തുറക്കാൻ ശ്രമിച്ചു. എന്നാൽ, ഒരു മാലയും രണ്ട്‌ കമ്മലും ഇയാൾ കൊണ്ടുപോയിട്ടില്ലെന്ന്‌ പൊലീസ്‌ കണ്ടെത്തി. കൊല്ലാൻ ഉപയോഗിച്ച തലയിണയുടെ കവറും ജെയ്‌സിയുടെ വസ്‌ത്രങ്ങളും മദ്യപിച്ച കുപ്പിയും ഗ്ലാസുമെല്ലാം  പള്ളിക്കരയിലെ ഒഴിഞ്ഞ പറമ്പിലാണ്‌ ഉപേക്ഷിച്ചത്‌. തുടർന്ന്‌ കുറുമശേരിയിൽ ബന്ധുവീട്ടിൽ അഭയം തേടി. പിന്നീട്‌ ഇടുക്കിയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ പോയി താമസിച്ചു. മോഷ്ടിച്ച ആഭരണങ്ങൾ ഇടുക്കിയിൽ വിറ്റെന്നാണ്‌ സംശയിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top