22 December Sunday

കലവൂര്‍ കൊലപാതകം: പ്രതികളെ കുടുക്കാന്‍ സഹായിച്ചത് ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ആലപ്പുഴ> കലവൂരില്‍ വയോധിക സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുടുക്കാന്‍ സഹായിച്ചത് ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ശര്‍മിള മുന്‍പ് താമസിച്ചിരുന്ന ഉഡുപ്പിയില്‍ ഇരുവരും എത്തിയിട്ടുണ്ടെന്ന് പോലീസിന്   ഫോണ്‍ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാനായി. ആലപ്പുഴ കാട്ടൂര്‍ സ്വദേശി മാത്യൂസ് (നിധിന്‍-38), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (36) എന്നിവരെ മണിപ്പാല്‍ പെറംപള്ളിയില്‍നിന്നാണ് പിടികൂടിയത്.

വ്യാഴാഴ്ച രാവിലെയോടെ മംഗളൂരുവില്‍ ശര്‍മിളയുടെ ഫോണ്‍ ഓണായതായി പൊലീസ് മനസ്സിലാക്കി. ഉടന്‍ പൊലീസ് ഉഡുപ്പിയിലും മംഗളൂരുവിലും ശര്‍മിളയുടെ പരിചയത്തിലുള്ളവരെ ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ഫോണ്‍ ഓഫായി.

ഉച്ചയോടെ മണിപ്പാലിലെ ടവര്‍ ലൊക്കേഷനില്‍ വീണ്ടും ഓണായി. ശര്‍മിള മുന്‍പ് താമസിച്ചിരുന്ന പരിചയത്തില്‍ പെറംപള്ളിയിലെ സ്ത്രീയുടെ വീട്ടിലാണിവരുള്ളതെന്ന് തിരിച്ചറിഞ്ഞു. ഇവരെത്തുമ്പോള്‍ പരിചയക്കാരി സ്ത്രീ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. മകനായിരുന്നു വീട്ടില്‍.

സ്ത്രീയുടെ നമ്പര്‍ നേരത്തേ മനസിലാക്കിയിരുന്ന പൊലീസ് ശര്‍മിളയും മാത്യൂസും കൊലക്കേസ് പ്രതിളാണെന്നും എത്തിയാല്‍ തടഞ്ഞുവെയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഈ വിവരം മകനെ വിളിച്ചറിയിക്കുമ്പോഴേക്കും പ്രതികള്‍ മടങ്ങി. ഉടന്‍ മകനെ വിളിച്ച പൊലീസ് ദമ്പതിമാരെ ഉടന്‍ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മകന്‍ ഇവരെ വിളിച്ചു. ആശുപത്രിയില്‍ പോയ അമ്മ ഉടന്‍ തിരിച്ചെത്തുമെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മടങ്ങിവന്നപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

 അതേസമയം, ദമ്പതികളെ ഇന്ന് കര്‍ണാടകയില്‍ നിന്നും കേരളത്തിലെത്തിക്കും.വിശദമായി ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ഉഡുപ്പിയിലടക്കം എത്തിച്ച് തെളിവെടുക്കും. സുഭദ്രയില്‍ നിന്ന് കവര്‍ന്നശേഷം ഉഡുപ്പിയിലും ആലപ്പുഴയിലുമടക്കം പണയംവച്ച സ്വര്‍ണാഭരണങ്ങളടക്കം പൊലീസ് കണ്ടെടുക്കും.

കൊച്ചി കടവന്ത്രയില്‍നിന്ന് ആഗസ്ത് നാലിന് കാണാതായ സുഭദ്ര(73)യുടെ മൃതദേഹം ചൊവ്വാഴ്ചയാണ് മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് 23---ാം വാര്‍ഡില്‍ പഴമ്പാശ്ശേരി വീടിന് പിന്‍വശത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി രണ്ടുദിവസത്തിനകം പ്രതിളെന്നു സംശയിക്കുന്ന ദമ്പതികള്‍ പിടിയിലായി. പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു പ്രതികള്‍ക്കായി പൊലീസിന്റെ തെരച്ചില്‍. ഉഡുപ്പിയിലെത്തിയ പൊലീസ് ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഇതിനിടെ ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

കാണാതാകുന്ന സമയത്ത് സുഭദ്ര ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ആലപ്പുഴയിലും ഉഡുപ്പിയിലെയും സ്വകാര്യസ്ഥാപനത്തില്‍ പണയപ്പെടുത്തി പണം അക്കൗണ്ടിലേക്ക് എത്തിയതിന്റെ വിവരങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി പരിശോധനയിലും ഇരുവരുടെയും ദൃശ്യങ്ങളും ലഭിച്ചു. ഉഡുപ്പിയില്‍ രണ്ട് സ്വര്‍ണവളകള്‍ പണയപ്പെടുത്തി കിട്ടിയതുക ഗൂഗിള്‍പേവഴി മാത്യൂസിന്റെ അക്കൗണ്ടിലെത്തിയിരുന്നു. ഇതിന്റെ  വിശദാംശങ്ങള്‍ തേടി സിസിടിവി പരിശോധിച്ചപ്പോഴാണ് ഇരുവരും ഉഡുപ്പിയിലെത്തിയെന്ന് ഉറപ്പിച്ചത്.

സുഭദ്രയുടേത് അതിക്രൂരകൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് നേരത്തെ കടവന്ത്ര സ്റ്റേഷനില്‍ വയോധികയെ കാണാനില്ലെന്ന പരാതിയിലായിരുന്നു കേസ്. കൊലപാതകം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് മണ്ണഞ്ചേരി പൊലീസിന് കൈമാറിയിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി പുതിയകേസെടുക്കും.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top