05 November Tuesday

കലവൂർ കൊലപാതകം :
 ദമ്പതികളടക്കം 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

സുഭദ്ര കൊലക്കേസിലെ പ്രതികളായ മാത്യൂസ് , റൈനോൾഡ് ശർമിള എന്നിവരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോൾ

 

ആലപ്പുഴ
കലവൂരിൽ വയോധികയെ കൊന്നുകുഴിച്ചു മൂടിയ സംഭവത്തിൽ ദമ്പതികളടക്കം മൂന്ന്‌ പേർ അറസ്റ്റിൽ. എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ശർമിള (52), ആലപ്പുഴ മാരാരിക്കുളം പള്ളിപ്പറമ്പിൽ മാത്യൂസ് (35), ഇയാളുടെ പിതൃസഹോദരന്റെ മകൻ മാരാരിക്കുളം കാട്ടൂർ പനേഴത്ത് റെയ്നോൾഡ്‌ (61) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ആലപ്പുഴ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി പ്രതികളെ റിമാൻഡ്‌ ചെയ്‌തു. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ 18ന്‌ അപേക്ഷ നൽകുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി എം പി മോഹനചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതികൾ മൂവരുംചേർന്ന്‌ തയ്യാറാക്കിയ പദ്ധതി പ്രകാരം കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ (73) കോർത്തുശേരിയിലെ വീട്ടിലെത്തിച്ച്‌ കൊന്നുകുഴിച്ചു മൂടിയെന്നാണ്‌ കേസ്‌. ഏഴിന്‌ ഉച്ചയോടെ മാത്യൂസും ശർമിളയും ചേർന്ന്‌ കഴുത്തിൽ ഷാൾ മുറുക്കിയാണ്‌ കൊന്നത്‌. വീട്ടിൽ സൂക്ഷിച്ച  മൃതദേഹം രാത്രി  കുഴിച്ചുമൂടി. മാത്യൂസിനും ശർമിളയ്‌ക്കുമെതിരെ കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തി. റെയ്നോൾഡിന്‌ കൊലപാതകത്തിൽ നേരിട്ട്‌ പങ്കില്ല. ഇയാൾക്കെതിരെ ഗൂഢാലോചന കുറ്റമാണ്‌ ചുമത്തിയത്‌.

ഉറക്കഗുളിക നൽകി സുഭദ്രയെ മയക്കി
ആഗസ്‌ത്‌ നാലിന്‌ സുഭദ്രയെ വീട്ടിലെത്തിച്ച്‌ ഉറക്കഗുളിക നൽകി മയക്കി ആഭരണങ്ങൾ ഊരിയെടുത്തു. പിന്നീട്‌ രണ്ട്‌ ദിവസവും ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കി. ഏഴിന്‌ രാവിലെ ഉണർന്നപ്പോൾ ആഭരണങ്ങൾ കുറഞ്ഞത്‌ സുഭദ്രയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇവ തിരികെ നൽകാനും അല്ലെങ്കിൽ പരാതി നൽകുമെന്നും പറഞ്ഞു. ഇതാണ്‌ കൊലപാതകത്തിൽ കലാശിച്ചത്‌. മാലിന്യം മൂടാനെന്ന വ്യാജേന മേസ്തിരി അജയനെ കൊണ്ട്  രാത്രി കുഴിയെടുപ്പിച്ചശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. സുഭദ്രയുടെ ആറ് പവനോളം ആഭരണങ്ങൾ പ്രതികൾ ആലപ്പുഴയിലും തോപ്പുംപടിയിലും ഉഡുപ്പിയിലുമായി വിറ്റു. 

വിഷാദരോഗത്തിന്‌ മകന്‌ നൽകുന്ന മരുന്നാണ്‌ സുഭദ്രയ്‌ക്ക്‌ നൽകാനായി റെയ്‌നോൾഡ്‌ എത്തിച്ചു നൽകിയത്‌. ഇയാളുടെ സാന്നിധ്യത്തിലാണ്‌ മയക്കിക്കിടത്തി സ്വർണം കവർന്നത്‌. കൊലയ്‌ക്കുശേഷം രണ്ട്‌ ദിവസം അതേവീട്ടിൽ തുടർന്നു. ഒമ്പതിന്‌ കടവന്ത്ര പൊലീസിന്റെ ഫോൺ വിളിയെത്തിയതോടെ ഒളിവിൽ പോയി. ഒരുമാസത്തിനിടെ പലതവണ ഉഡുപ്പിയിൽനിന്ന്‌ എറണാകുളത്തേക്കും ആലപ്പുഴയിലേക്കും തിരിച്ചും യാത്രചെയ്‌തു. സുഭദ്രയുടെ മൃതദേഹം പൊലീസ്‌ കണ്ടെടുക്കുമ്പോൾ പ്രതികൾ എറണാകുളത്തുണ്ടായിരുന്നു. പിന്നാലെ വീണ്ടും ഉഡുപ്പിയിലേക്ക്‌ തിരിച്ചു.
 

2 മാസം മുമ്പും കൊലപ്പെടുത്താൻ ശ്രമിച്ചു
രണ്ട്‌ മാസം മുമ്പും കടവന്ത്രയിലെ വീട്ടിൽവച്ച്‌ സുഭദ്രയെ കൊലപ്പെടുത്താൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസിന്റെ ചോദ്യംചെയ്യലിൽ വിവരം കിട്ടി. സുഭദ്ര തനിച്ച്‌ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിൽ ഈ ലക്ഷ്യവുമായി ശർമിളയും മാത്യൂസും എത്തിയിരുന്നു. ആഭരണങ്ങൾ കവരുകയായിരുന്നു ലക്ഷ്യം.  പിന്നീടാണ്‌ കൂടുതൽ സുരക്ഷിതമായ സ്ഥലത്ത്‌ എത്തിച്ച്‌ കൊലപാതകത്തിന്  പദ്ധതിയിട്ടത്‌.  കൂടുതൽ സൗകര്യം കലവൂരിലെ വാടക വീട്ടിലാണെന്ന്‌ മനസിലാക്കിയാണ്‌ ഇവിടേക്ക്‌ വിളിച്ചുവരുത്തിയത്‌. 2016 മുതലുള്ള അടുത്ത ബന്ധവും മുമ്പ്‌ പലതവണ കലവൂരിലെ വീട്ടിലെത്തിയിട്ടുള്ളതും ഇവിടെവച്ച്‌ കൃത്യം നടപ്പാക്കാൻ പ്രതികൾക്ക്‌ കൂടുതൽ സൗകര്യമായി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top