ആലപ്പുഴ
കലവൂരിൽ വയോധികയെ കൊന്നുകുഴിച്ചു മൂടിയ സംഭവത്തിൽ തെളിവെടുപ്പിന് പ്രതികളുമായി പൊലീസ് ഉഡുപ്പിയിലേക്ക് തിരിച്ചു. ഒന്നാം പ്രതി എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ശർമിള (52), രണ്ടാം പ്രതി ആലപ്പുഴ മാരാരിക്കുളം പള്ളിപ്പറമ്പിൽ മാത്യൂസ് (35) എന്നിവരുമായാണ് മണ്ണഞ്ചേരി പൊലീസ് ഇവർ ഒളിവിൽ താമസിച്ച ഉഡുപ്പിയിലേക്ക് തിരിച്ചത്.
ശർമിള കൊട്ടാരക്കര ജയിലിലും മാത്യൂസ് ആലപ്പുഴ സബ് ജയിലിലുമായിരുന്നു. ഇരുവരെയും രാവിലെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി. എട്ടുദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചത്. രാവിലെ കോടതി വളപ്പിലെത്തിച്ചപ്പോൾ ശർമിള മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. തുടർന്ന് മണ്ണഞ്ചേരി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് പ്രതികളെ ചോദ്യം ചെയ്‌തു. പ്രതികളെ കൊലപാതകം നടന്ന കാട്ടൂർ കോർത്തുശേരിയിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുത്തു.
മാത്യൂസിന്റെ പിതൃസഹോദരന്റെ മകനും മൂന്നാം പ്രതിയുമായ മാരാരിക്കുളം കാട്ടൂർ പനേഴത്ത് റെയ്നോൾഡിനെ (61) പിന്നീട് കസ്റ്റഡിയിൽ വാങ്ങും. ഇവർ മൂന്നുപേരും ചേർന്ന് കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ (73) കൊന്നുകുഴിച്ചു മൂടിയെന്നാണ് കേസ്. ആഗസ്‌ത് നാലിന് സുഭദ്രയെ കലവൂരിലെ വീട്ടിലെത്തിച്ച ശേഷം ഉറക്കഗുളിക നൽകി മയക്കി ആഭരണങ്ങൾ ഊരിയെടുത്തു. പകരം മുക്കുപണ്ടം അണിയിച്ചു. അബോധാവസ്ഥയിൽനിന്ന് ഉണർന്ന സുഭദ്ര കൈയിലുള്ള വള മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. സ്വർണം തിരികെ വേണമെന്നും പൊലീസിൽ അറിയിക്കുമെന്നും ഭീഷണി മുഴക്കിയതോടെ മാത്യൂസും ശർമിളയും ചേർന്ന് കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊന്നത്. വീട്ടിൽ സൂക്ഷിച്ച മൃതദേഹം രാത്രി കുഴിച്ചുമൂടി.
രക്തക്കറയുള്ള തലയിണ കണ്ടെടുത്തു
മൃതദേഹം കുഴിച്ചിട്ട കോർത്തുശേരിയിലെ വാടകവീട്ടിൽ പ്രതികളെ ഒന്നിച്ചാണ് എത്തിച്ചതെങ്കിലും തെളിവെടുപ്പ് പ്രത്യേകമായാണ് നടത്തിയത്. സുഭദ്രയെ കുഴിച്ചിട്ടഭാഗത്ത് ആദ്യം മാത്യൂസിനെ എത്തിച്ച് വിവരങ്ങൾ പൊലീസ് ചോദിച്ച് മനസിലാക്കി. തുടർന്ന് വീട്ടിനുള്ളിൽ കൊണ്ടുപോയി കൊലപാതകം പുനരാവിഷ്‌കരിച്ചു. കൊലയ്ക്ക് ശേഷം ഉപേക്ഷിച്ച സുഭദ്രയുടെ രക്‌തക്കറയുള്ള തലയിണ വീടിന് സമീപത്തെ ചെറിയ തോട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. മാത്യൂസാണ് ഇത് കാണിച്ചു കൊടുത്തത്. തുടർന്ന്, വീടിന്റെ അടുക്കളയ്ക്ക് പിന്നിൽ മൃതദേഹം കുഴിച്ചിട്ടതിന് ഏതാനും മീറ്റർ അകലെ സുഭദ്രയുടെ വസ്ത്രങ്ങൾ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ഇയാൾ കാണിച്ചുകൊടുത്തു. ഇതിനുശേഷം ശർമിളയെ കുഴിക്ക് സമീപം എത്തിച്ച് തെളിവെടുത്തു. കുഴി മൂടിയത് എങ്ങനെയെന്ന് ഇവർ കാണിച്ചു. തുടർന്ന്, തലയിണ ഉപേക്ഷിച്ച സ്‌ഥലവും കാണിച്ചുകൊടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..