22 December Sunday

ചൂരൽമലയിലേക്ക്
 ഡബിൾ ബെൽ ; കൽപ്പറ്റ ചൂരൽമല കെഎസ്‌ആർടിസി ബസ്‌ വീണ്ടും സർവീസ്‌ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

ചൂരൽമല നീലിക്കാപ്പിൽ യാത്രക്കാർ കെഎസ്‌ആർടിസി ബസ്സിൽനിന്ന്‌ ഇറങ്ങുന്നു


കൽപ്പറ്റ
പതിവുയാത്രക്കാരില്ലാതെ ചൂരൽമലയിലേക്ക്‌ വീണ്ടും കെഎസ്‌ആർടിസി ഡബിൾ ബെല്ലടിച്ചു. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ജനങ്ങളുടെ ജീവിതപ്പാച്ചിലിന്‌ ഒപ്പമുണ്ടായിരുന്ന മുണ്ടക്കൈ കെഎസ്‌ആർടിസി ബസാണ്‌ ബുധനാഴ്‌ച വീണ്ടും സർവീസ്‌ ആരംഭിച്ചത്‌. പകൽ 11.55ന്‌ കൽപ്പറ്റ പഴയ സ്റ്റാൻഡിൽനിന്ന്‌ ബസ് ഓടിത്തുടങ്ങി. മേപ്പാടി വരെ നിറയെ യാത്രക്കാരായിരുന്നു. ക്യാമ്പുകളിലെ ബന്ധുക്കളെ കാണാനെത്തുന്നവർ, ആരോഗ്യപ്രവർത്തകർ, ജീവനക്കാർ. മേപ്പാടിയിൽ ഇവരൊക്കെ ഇറങ്ങി. പിന്നെ ചുരുക്കം ആളുകളേ ചൂരൽമല നീലിക്കാപ്പിലേക്ക്‌ യാത്രചെയ്യാൻ ഉണ്ടായിരുന്നുള്ളൂ. നിയന്ത്രണങ്ങളുള്ളതിനാൽ നീലിക്കാപ്പുവരെ മാത്രമാണ്‌ നിലവിൽ സർവീസ്‌.  

കുടുംബാംഗത്തെപ്പോലെ പരിചിതനായ കണ്ടക്ടർ മേപ്പാടിക്കാരൻ അഷറഫിനോട്‌ ബസിലെ യാത്രക്കാർ സങ്കടങ്ങളൊന്നും മറച്ചുവച്ചില്ല. പ്രിയപ്പെട്ടവർ നഷ്ടമായവർ, വീട്‌ മലവെള്ളമെടുത്തവർ, കൃഷി ഭൂമി പോയവർ എന്നിവരുടെയെല്ലാം സങ്കടം കേട്ട്‌ അഷ്‌റഫ്‌ ടിക്കറ്റ്‌ നൽകി. 24 വർഷമായി അഷ്‌റഫ്‌ കെഎസ്‌ആർടിസിയിലാണ്‌. അഞ്ചുവർഷമായി മുണ്ടക്കൈ റൂട്ടിലാണ്‌. "നാല്‌ ബസുകൾ റൂട്ടിൽ സർവീസ്‌ നടത്തുന്നുണ്ട്‌. മുമ്പ്‌ മുണ്ടക്കൈയിലെ അങ്കണവാടിക്ക്‌ സമീപമായിരുന്നു നിർത്തിയിടാറുള്ളത്‌. താമസ സൗകര്യമില്ലാത്തതിനാൽ ചൂരൽമലയിലേക്ക്‌ മാറ്റി. അതിനാലാണ്‌ ഉരുൾപൊട്ടലിൽനിന്ന്‌ ബസും ജീവനക്കാരും രക്ഷപ്പെട്ടത്‌’ – -ഡ്രൈവർ കേണിച്ചിറ സ്വദേശി ബാബുമോൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top