23 December Monday

"കനസ് ജാഗ': കുട്ടികളുടെ ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് സമാപനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കൊച്ചി > തദ്ദേശ ജനതയുടെ ജീവിത യാഥാർഥ്യങ്ങൾ ഒപ്പിയെടുത്ത 'കനസ് ജാഗ' ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് സമാപനം. രണ്ടുദിവസമായി എറണാകുളം സെൻറ് തെരേസാസ് കോളേജിലെ മൂന്നു വേദികളിലായി നടന്ന മേളയിൽ 102 ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വ്യവസായ മന്ത്രി പി രാജീവ് സമാപന  സമ്മേളനം ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. എം അനിൽ കുമാർ അധ്യക്ഷനായി.  

ആകെ 102 ചിത്രങ്ങൾ പ്രദർശിപ്പിച്ചതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകാഭിപ്രായം നേടിയതിൻറെ അടിസ്ഥാനത്തിൽ വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾ തയ്യാറാക്കിയ 'നാരങ്ങാ മിട്ടായി' ഏറ്റവും മകച്ച ഹ്രസ്വ ചിത്രത്തിനുള്ള ജനപ്രിയ അവാർഡ് നേടി. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾ നിർമിച്ച 'ദാഹം'മികച്ച രണ്ടാമത്തെ ചിത്രത്തിനുളള അവാർഡ് നേടി. പറമ്പിക്കുളം ആദിവാസി സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾ തയ്യാറാക്കിയ നെറ്റ് വർക്ക് മികച്ച മൂന്നാമത്തെ ചിത്രത്തിനുളള അവാർഡും നേടി.

നെറ്റ് വർക്ക്, ചേല്, ദാഹം, തിരിച്ചറിവ്, ഒഴുക്ക്, നാരങ്ങാ മിട്ടായി, കിക്ക്, ഒരു ജാതി ഒരു ദൈവം ഒരു മതം, ആദ്യാക്ഷരം, തിരുട്ട് എന്നീ പത്തു ചിത്രങ്ങളാണ്  ഫൈനൽ റൗണ്ടിലെത്തിയത്. ഇതിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന തദ്ദേശീയ മേഖലയിലെ കുട്ടികളുടെ സമഗ്ര വികാസത്തിനായി കനസ് ജാഗ പോലെ  ഹ്രസ്വ ചിത്ര നിർമാണവും പ്രദശനവും നടത്താനുള്ള സംവിധാനമൊരുക്കിയ കുടുംബശ്രീയുടേത് അഭിനന്ദനാർഹമായ പ്രവർത്തനമാണന്ന് മന്ത്രി പറഞ്ഞു. ശക്തമായ ഉള്ളടക്കം കൊണ്ട് സമ്പന്നമായ ചിത്രങ്ങളാണ് മേളയ്ക്കെത്തിയത് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് ഈ രംഗത്ത് മികച്ച രീതിയിലുള്ള പരിശീലനങ്ങൾ ലഭ്യമാക്കി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
 
തദ്ദേശീയ മേഖലയിലെ കുട്ടികൾ ഒരേ സമയം ഏറ്റവും കൂടുതൽ സിനിമകൾ തയ്യാറാക്കി പ്രദർശിപ്പിച്ചതിനുള്ള ടാലൻറ് വേൾഡ് റെക്കോഡ് വേദിയിൽ കൈമാറി. ചലച്ചിത്ര താരം വിഷ്ണു ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കൊറഗ(കാസർകോട്), ആറളം (കണ്ണൂർ), തിരുനെല്ലി, നൂൽപ്പുഴ (വയനാട്), നിലമ്പൂർ(മലപ്പുറം), പറമ്പിക്കുളം(പാലക്കാട്), അട്ടപ്പാടി(പാലക്കാട്), കാടർ(തൃശൂർ), മറയൂർ- കാന്തല്ലൂർ(ഇടുക്കി), മലൈപണ്ടാരം(പത്തനംതിട്ട) ട്രൈബർ സ്പെഷ്യൽ പ്രോജക്ടുകൾക്കുള്ള അവാർഡ് മേയർ അഡ്വ. അനിൽ കുമാർ വിതരണം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top