11 September Wednesday

അവാര്‍ഡ് കയ്യില്‍ നല്‍കാത്തത് സര്‍ക്കാര്‍ കാണിച്ച മാതൃക; വിമര്‍ശനങ്ങള്‍ക്ക് കനിയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 31, 2021

photo credit: kani kusruthi facebook page

തിരുവനന്തപുരം> അവാര്‍ഡ് കയ്യില്‍ നല്‍കാത്തത് സര്‍ക്കാര്‍ കാണിച്ച മാതൃകയാണെന്നും  അതില്‍ തെറ്റില്ലെന്നും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതി.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ കയ്യില്‍ കൊടുക്കാതെ മേശപ്പുറത്തു വച്ചതില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് കനിയുടെ പ്രതികരണം.

 അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും അപമാനിക്കുകയായിരുന്നു എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

കനിയുടെ വാക്കുകള്‍


'മുഖ്യമന്ത്രിയും അവിടെ കൂടിയ മറ്റുള്ളവരും പല പ്രായത്തില്‍ പെട്ട ആളുകളായിരുന്നു. ഓരോ ആളുടേയും ഇമ്മ്യൂണിറ്റി പലതരത്തിലാണ്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ പുരസ്‌കാരങ്ങള്‍ കൈമാറാതെ സ്വീകരിക്കുക എന്ന നടപടി അങ്ങേയറ്റം പ്രശംസനീയമാണ്. ഈ അവാര്‍ഡുകള്‍ സ്വീകരിക്കുന്നവര്‍ക്ക് അത് പ്രധാനപ്പെട്ടതാണ് എന്നതു പോലെ തന്നെ മറ്റുള്ള സാധാരണക്കാര്‍ക്ക് അവരുടെ വീട്ടിലെ വിവാഹവും മറ്റു ചടങ്ങുകളും പ്രധാനപ്പെട്ടതാണ്.

അവരോടെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന് നിര്‍ദേശം കൊടുത്തിട്ടു സര്‍ക്കാര്‍ ഇത്തരത്തില്‍ ചടങ്ങുകള്‍ നടത്തുമ്പോള്‍ അവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതു നിരുത്തരവാദപരമാണ്.

അവിടെ ഒത്തുകൂടിയവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ അത് തിരുത്താന്‍ പറ്റാത്ത തെറ്റാകും. പൊതു പ്രവര്‍ത്തകരും താരങ്ങളും സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവരാണ്. ഈ അവാര്‍ഡ് ദാന ചടങ്ങ് വളരെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയത്. എല്ലാവരും കാര്യമാത്ര പ്രസക്തമായി സംസാരിക്കുകയും ചടങ്ങു വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനു സര്‍ക്കാരിനെ അഭിനന്ദിക്കുന്നു'; കനി പറഞ്ഞു.

ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിനാണ് കനി കുസൃതിക്ക് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരങ്ങള്‍ മേശപ്പുറത്തു വച്ച് കൊടുത്തതിനെ ചലച്ചിത്രമേഖലയില്‍ പെട്ടവരും അല്ലാത്തവരുമായി ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top