കോട്ടയം> കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന കേസിൽ പ്രതി എറണാകുളം റിവേര റിട്രീറ്റ് ഫ്ലാറ്റ് നമ്പർ സി എ 111ൽ ജോർജ് കുര്യന്(53) ഇരട്ട ജീവപര്യന്തം. കോട്ടയം അഡീഷണൽ ജില്ലാ കോടതി രണ്ട്(സൂര്യനെല്ലി സ്പെഷ്യൽ കോടതി) ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്.
കൂടാതെ വിവിധ വകുപ്പുകളിൽ എട്ട് വർഷം മൂന്നുമാസവും തടവും അനുഭവിക്കണം. ഇതിനുശേഷമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷ വേവ്വേറെ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. പിഴ തുക കൊല്ലപ്പെട്ട രഞ്ജു കുര്യന്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.
കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ(78) എന്നിവരെ വെടിവച്ച് കൊന്ന കേസിലാണ് വിധി. 2022 മാർച്ച് ഏഴിനായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. 2023 ഏപ്രിൽ 24ന് ആരംഭിച്ച വിചാരണയാണ് ഒന്നരവർഷം പിന്നിട്ട് പൂർത്തിയായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി എസ് അജയൻ, അഡ്വ. നിബു ജോൺ, അഡ്വ. സ്വാതി എസ് ശിവൻ എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..