കോട്ടയം > കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന കേസിൽ പ്രതി എറണാകുളം റിവേര റിട്രീറ്റ് ഫ്ലാറ്റ് നമ്പർ സി എ 111ൽ ജോർജ് കുര്യന്റെ(53) വിധി ശനിയാഴ്ച പറയും. കോട്ടയം അഡീഷണൽ ജില്ലാ കോടതി രണ്ട്(സൂര്യനെല്ലി സ്പെഷ്യൽ കോടതി) ജഡ്ജി ജെ നാസറാണ് വിധിക്കുക.
കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ(78) എന്നിവരെ വെടിവച്ച് കൊന്ന കേസിലാണ് വിധി. 2022 മാർച്ച് ഏഴിനായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം.
വെള്ളിയാഴ്ച വാദിഭാഗത്തിനും പ്രതി ഭാഗത്തിനും പറയാനുള്ളത് വിശദമായി കേട്ട ശേഷമാണ് കോടതി വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയത്. പ്രതിക്ക് കൊലപാതകത്തിൽ പശ്ചാത്താപം ഇല്ലെന്നും ആസൂത്രിത കൊലപാതകം നടത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. വധശിക്ഷയോ ഇരട്ടജീവപര്യന്തമോ വിധിക്കണമെന്നായിരുന്നു വാദം. കൊലപാതകശേഷം പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ സഹതടവുകാരനെ ഏർപ്പെടുത്തിയതും കേസിലെ രണ്ടാംസാക്ഷിയെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചതും കോടതിയിൽ ചൂണ്ടിക്കാട്ടി. രഞ്ജുവിന്റെ കുടുംബാംഗങ്ങൾക്ക് നഷ്‌ടപരിഹാരവും ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെയും പ്രതിഭാഗം വക്കീലിന്റെയും വാദത്തിനുശേഷം നാടകീയരംഗങ്ങളാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത്. താൻ നിരപരാധിയാണെന്നും അമ്മയെയും കൊല്ലപ്പെട്ട രഞ്ജുവിന്റെ മക്കളെയും നോക്കാൻ താൻ മാത്രമേ ഉള്ളൂ എന്നായിരുന്നു പ്രതിയുടെ വാദം. 2023 ഏപ്രിൽ 24ന് ആരംഭിച്ച വിചാരണയാണ് ഒന്നരവർഷം പിന്നിട്ട് പൂർത്തിയായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി എസ് അജയൻ, അഡ്വ. നിബു ജോൺ, അഡ്വ. സ്വാതി എസ് ശിവൻ എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..