തിരുവനന്തപുരം
മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജ് താൽക്കാലിക ജീവനക്കാരൻ ടി വി പ്രശാന്തിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. പ്രശാന്ത് സർവീസിൽ തുടരില്ലെന്നും സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ച കാര്യം ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പരിയാരം മെഡിക്കൽ കോളജിൽ റഗുലറൈസേഷൻ നടക്കുകയാണ്. ജീവനക്കാരെ ഘട്ടംഘട്ടമായി സ്ഥിരം ജീവനക്കാരാക്കുന്ന പ്രക്രിയ പുരോഗമിക്കുന്നു. താൽക്കാലിക ജീവനക്കാരനായ പ്രശാന്തിനെ സ്ഥിരപ്പെടുത്തില്ല. നവീൻ ബാബുവിന്റെ മരണത്തിനുപിന്നാലെ ആരോഗ്യ വകുപ്പ് ഡിഎംഇയോടും പരിയാരം മെഡിക്കൽ കോളജ് പ്രിൻസിലിനോടും റിപ്പോർട്ട് തേടിയിരുന്നു.വിശദമായ അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് ഡിഎംഇ അറിയിച്ചത്. അന്വേഷണത്തിലും നടപടിയിലും താമസമുണ്ടായതിനാൽ അഡീ. ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ച് മെഡിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടറും പരിയാരത്തെത്തി അന്വേഷിക്കും. നിയമോപദേശം തേടിയശേഷം നടപടി ഉടൻ സ്വീകരിക്കും.
വിദ്യാർഥികാലംമുതൽ നവീൻബാബുവിനെ അറിയാം. 2018ലെ പ്രളയസമയത്തും കോവിഡ് കാലത്തും കൂടെ പ്രവർത്തിച്ച ഓഫീസറാണ്. കുടുംബത്തിന് നീതി ഉറപ്പാക്കും. നവീൻ ബാബുവിന്റെ കാര്യത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.
പ്രശാന്തിന്റെ മൊഴിയെടുത്തു
കണ്ണൂർ മുൻ എഡിഎം കെ നവീൻബാബുവിനെതിരെ അഴിമതി ആരോപണമുന്നയിച്ച പ്രശാന്തിൽനിന്ന് കണ്ണൂർ ടൗൺ പൊലീസ് മൊഴിയെടുത്തു. സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. പെട്രോൾപമ്പിന് നിരാക്ഷേപപത്രം കിട്ടാൻ നവീൻബാബു പണം വാങ്ങിയെന്നാണ് പ്രശാന്ത് ആരോപിച്ചത്.
കേസിൽ പ്രതിചേർത്ത ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 24ലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..