കണ്ണൂർ > കണ്ണൂർ പെരിങ്ങോം- വയക്കര പഞ്ചായത്തിലെ കടുക്കാരം കരിമണൽപാറയിൽ വീട്ടിൽ വളർത്തുനായയെ അജ്ഞാത ജീവി കടിച്ചു കൊന്നു. പുലിയാണെന്നാണ് സംശയം. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. വീടിന് മുന്നിൽ കെട്ടിയിട്ട നായ കരയുന്ന ശബ്ദം വീട്ടുകാർ കേട്ടിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ നായയെ കണ്ടില്ല. ഞായറാഴ്ച ഉച്ചവരെ തെരച്ചിൽ നടത്തിയിട്ടും കാണാത്തതിനെ തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
തിങ്കളാഴ്ച വീണ്ടും നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് പരിസരത്ത് പുതുതായി പണിയുന്ന വീടിന് സമീപം പുലിയുടേതിന് സമാനമായ കാൽപ്പാട് കണ്ടത്. തുടർന്ന് പ്രദേശത്ത് തെരച്ചിൽ വ്യാപകമാക്കി. കരിമണൽ ചാമുണ്ഡി ക്ഷേത്രത്തിന് സമീപം കുറ്റിക്കാട്ടിൽ നിന്നാണ് ജനാർദ്ദനന്റെ വളർത്തുനായയുടെ മൃതശരീരം കണ്ടത്. തലയും ശരീര ഭാഗവും ഭക്ഷിച്ച നിലയിലാണ്.
സംഭവത്തെത്തുടർന്ന് ഫോറെസ്റ്റ് റേഞ്ച് ഓഫീസറെത്തി സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി എട്ടോടെ കക്കറ നാഗമുള്ള ചൊവ്വരത്തി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം റോഡരികിൽ നാട്ടുകാരും എട്ടരയോടെ കക്കറ-വെള്ളോറ റോഡിൽ ചെമ്പുല്ലാഞ്ഞിയിൽ ബൈക്ക് യാത്രികനായ യുവാക്കളും അജ്ഞാത ജീവിയെ കണ്ടതായി പറയുന്നു. വനംവകുപ്പ് അധികൃതർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പുലിയാണെന്ന് സംശയം ബലപ്പെട്ടതോടെ ഭീതിയിലാണ് നാട്ടുകാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..