കണ്ണൂർ > നൃത്താധ്യാപന രംഗത്ത് ആറു പതിറ്റാണ്ടിന്റെ തിളക്കവുമായി കണ്ണൂർ ബാലകൃഷ്‌ണൻ. അരങ്ങിൽ ‘വടക്കിന്റെ നൂപുര ധ്വനികളു’മായി നിറഞ്ഞുനിൽക്കുന്ന ഈ കലാധ്യാപകൻ 81 –-ാം വയസ്സിലും നൃത്തചുവടുകൾ അഭ്യസിപ്പിക്കുന്നതിൽ മുഴുകുകയാണ്. രാജ്യത്തിനകത്തും പുറത്തും നൃത്തകല പഠിപ്പിക്കുന്ന അമ്പതോളം ശിഷ്യന്മാർ ഈ ഗുരുവിനുണ്ട്. ദിവസേന നൂറുകണക്കിന് വിദ്യാർഥികളാണ് കണ്ണൂർ ബാലകൃഷ്‌ണന്റെ പള്ളിക്കുന്ന് അക്കാദമി ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിൽ പഠനത്തിനായി എത്തുന്നത്.
കൊറ്റാളിയിലെ ചക്കപ്പൊയിൽ രോഹിണിയുടെയും കണ്ണന്റെയും മകനായ ബാലകൃഷ്‌ണന് 12–-ാം വയസ്സിലാണ് നൃത്താഭിനിവേശം തുടങ്ങുന്നത്. ജ്യേഷ്‌ഠ സഹോദരൻ സി എച്ച് രാഘവനാണ് കലാരംഗത്തേക്ക് കൈപിടിച്ചാനയിച്ചത്. കൊറ്റാളി ദേശാഭിവർധിനി വായനശാലയോടനുബന്ധിച്ചുള്ള യുവജന കലാസമിതിയിയിലായിരുന്നു ആദ്യ പഠനം. തളിപ്പറമ്പ് കൃഷ്‌ണദാസായിരുന്നു ഗുരു. പിന്നീട് ഗുരുവിന്റെ തളിപ്പറമ്പ് ചിറവക്കിലെ വീട്ടിൽ വച്ചായിരുന്നു നൃത്ത പഠനം.ചിറക്കൽ രാജാസ് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തിന് ശേഷം കണ്ണൂരിലെ രണ്ട് ടെക്‌സ്‌റ്റെയിൽ കമ്പനികളിൽ അക്കൗണ്ടന്റായി ജോലി ചെയ്‌തു. പിന്നീട് കണ്ണൂരിലെ ബീഡി വർക്കേഴ്‌സ് കോ–-ഓപറേറ്റീവ് ഇൻഡ്‌ട്രീയിൽ സൊസൈറ്റിയിൽ പാർട്‌ടെം കണക്കെഴുത്തുകാരനായി. 1964ൽ പൂർണമായി നൃത്ത രംഗത്തായി.
1963ൽ അഴീക്കോട് കേന്ദ്രമാക്കി നടരാജ നാട്യ കലാനിലയം തുടങ്ങി. ഇവിടെ നൃത്താധ്യാപകനായി. തുടർന്ന് കോഴിക്കോട് ബാലകൃഷ്‌ണൻ നായർ, മംഗളൂരു രാജൻ അയ്യർ–- ലക്ഷ്‌മി പ്രഭ എന്നിവരിൽ നിന്നും ഭരതനാട്യം അഭ്യസിച്ചു. 1968 ൽ വിവാഹത്തോടെ ഈ രംഗത്ത് സജീവമായി. ഭാര്യ മനോരമ ബാലകൃഷ്‌ണൻ എല്ലാറ്റിനും ഒപ്പം നിന്നു. പിന്നീട് ഈ കലാകാര ദമ്പതികൾ കണ്ണൂരിന്റെ അരങ്ങിലും അണിയറയിലും പ്രശസ്‌തരായി. കണ്ണൂരിൽ ആദ്യമായി ഭരതനാട്യ കച്ചേരി അവതരിപ്പിച്ചത് മനോരമ ബാലകൃഷ്‌ണനായിരുന്നു. 1973ൽ വളപട്ടണത്ത് നൂപുരം നടന നികേതൻ തുടങ്ങി. 1988ലാണ് പള്ളിക്കുന്നിലെ നൂപുരം അക്കാദമിയുടെ ആരംഭം. മക്കളായ ഷീബയും ഷീജിത്ത് കൃഷ്‌ണയും രാജ്യത്തെ അറിയപ്പെടുന്ന നൃത്ത കലാകാരന്മാരാണ്.
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്, കലാദർപ്പണം സീനിയർ നൃത്താധ്യാപകനുള്ള പുരസ്‌ക്കാരം, സി കെ പണിക്കർ നൃത്ത വിഭാഗം അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ബഹുമതികൾ കണ്ണൂർ ബാലകൃഷ്‌ണനെ തേടിയെത്തിയിട്ടുണ്ട്. കണ്ണൂരിൽ ശാസ്‌ത്രീയ കല കടന്നുവരുന്നത് സംബന്ധിച്ച് ‘ വടക്കിന്റെ നൂപുര ധ്വനികൾ’ എന്ന പുസ്‌തകവും രചിച്ചിട്ടുണ്ട്. ഇരുപതോളം നൃത്ത നാടകങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്. വയലാർ, ഒഎൻവി, പി ഭാസ്‌ക്കരൻ എന്നിവരുടെ കവിതകൾക്ക് നൃത്തഭാഷ്യവും നൽകി. ഭൂമി ഗീതം, വൃക്ഷം നൃത്തശിൽപങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ സഹയാത്രികനായി അറിപ്പെടുന്ന കലാകാരനാണ്.
പള്ളിക്കുന്ന് മദർ ചാരിറ്റബിൾ ട്രസ്‌റ്റ് ഗുരുപൂജ അവാർഡ് നേടിയ കണ്ണൂർ ബാലകൃഷ്‌ണനെ തിങ്കൾ പകൽ രണ്ടിന് പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ആദരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..