22 December Sunday

മുങ്ങിത്തപ്പാൻ ‘വെള്ളത്തിലാശാൻ’

സ്വന്തം ലേഖകൻUpdated: Sunday Dec 22, 2024

കണ്ണൂർ തെക്കീബസാറിലെ ആനക്കുളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ അണ്ടർ വാട്ടർ ഡ്രോൺ പ്രവർത്തിപ്പിച്ചപ്പോൾ

കണ്ണൂർ> ജലാശയങ്ങളിലെ  അടിയന്തര രക്ഷാപ്രവർത്തനം സുഗമമാക്കാൻ കണ്ണൂർ  അഗ്നിരക്ഷാ സേനയ്ക്ക് റിമോർട്ട് ഓപ്പറേറ്റിങ് അണ്ടർ വാട്ടർ ഡ്രോൺ.  അഗ്നിരക്ഷാ സേനയുടെ  ആധുനികവൽക്കരണത്തിന്റെ ഭാഗമായി ലഭിച്ച നാല്  ഡ്രോണുകളിൽ ഒന്നാണ് കണ്ണൂരിലെത്തിയത്. നിലവിൽ ആളുകൾ  ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ടാൽ  അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത് സ്കൂബ ഡൈവേഴ്സാണ്. 

100 മീറ്റർ ആഴത്തിൽവരെ രക്ഷാപ്രവർത്തനം നടത്താൻ ഡ്രോണിനാകും. ശബ്ദതരംഗങ്ങൾ ഉപയോഗിച്ചാണ്‌ അടിത്തട്ടിലുള്ള വസ്തുക്കളെ കണ്ടെത്തുക. കലങ്ങി മലിനമായ വെള്ളത്തിലും  രക്ഷാപ്രവർത്തനം  നടത്താം.  രണ്ട് ക്യാമറയും ഇതിലുണ്ട്. മൂന്ന് കിലോ ഭാരമുള്ള വസ്തുക്കളെ  ഉയർത്തിയെടുക്കാനുള്ള  സംവിധാനവും ഡ്രോണിലുണ്ട്‌. അടിത്തട്ടിലുള്ള കാഴ്ച പുറമെ സജ്ജീകരിച്ചിട്ടുള്ള  മോണിറ്ററിൽ തെളിയുന്ന രീതിയിലാണ്  പ്രവർത്തനം. ഇത് കംപ്യൂട്ടറിൽ  റെക്കോഡ്‌ ചെയ്യും. ഡ്രോൺ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടങ്ങിയാൽ  ജലാശയത്തിന്റെ അടിത്തട്ടിലുള്ള ആളിനെയോ  വസ്തുവിനെയോ എളുപ്പത്തിൽ  കണ്ടെത്തി  സ്കൂബ ഡൈവേഴ്സിന്  മുങ്ങിയെടുക്കാം.
 
സ്കൂബ ഡൈവേഴ്സിന്  ഏറെനേരം മുങ്ങി  രക്ഷാപ്രവർത്തനം നടത്തുമ്പോഴുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും  ഒഴിവാകും. ജനറേറ്ററിലും ബാറ്ററിയിലും പ്രവർത്തിപ്പിക്കാം. 
 എറണാകുളത്തെ സ്റ്റാർട്ട് അപ്പ് കമ്പനിയായ ഐറോയാണ്  ഡ്രോൺ നിർമിച്ചത്. പഴശ്ശി ഡാമിലും തെക്കീബസാറിലെ ആനക്കുളത്തിലും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു.  ഡ്രോൺ   പ്രവർത്തിപ്പിക്കാൻ തുടങ്ങിയാൽ അപകടത്തിൽപ്പെട്ടയാളുകളെ വേഗത്തിൽ കണ്ടെത്താനും  വലിയ രീതിയിലുള്ള കായികാധ്വാനം കുറയ്ക്കാനുമാകുമെന്ന്‌ ഫയർ ആൻഡ്‌ റെസ്ക്യൂ സർവീസസ്‌ സീനിയർ റീജണൽ ഫയർ ഓഫീസർ പി രഞ്‌ജിത്‌ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top