കണ്ണൂർ > കണ്ണൂർ സർവകലാശാലയ്‌ക്ക് കീഴിലെ കോളേജുകളിലേക്കുള്ള വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ചരിത്ര മുന്നേറ്റം നടത്തിയിട്ടും മാധ്യമങ്ങളെുടെ നുണപ്രചാരണം. കെഎസ്‌യു വൻ തിരിച്ചുവരവ് നടത്തി എന്ന നിലയിലാണ് മനോരമ, മാതൃഭൂമി, ദ ഹിന്ദു തുടങ്ങിയ പത്രങ്ങൾ വ്യാജ വാർത്ത ചമച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് എസ്‌എഫ്‌ഐക്കെതിരെ വലതുമാധ്യമങ്ങളാകെ നടത്തിയ സകല നുണകളെയും തള്ളിക്കളഞ്ഞ് വിദ്യാർഥികൾ എസ്‌എഫ്‌ഐയിൽ ആവർത്തിച്ച് വിശ്വാസം ഉറപ്പിച്ചതിലെ ജാള്യം മറയ്‌ക്കാനാണ് ഈ കഥാസൃഷ്‌ടി.
സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 65 കോളേജുകളിൽ 45 ലും എസ്‌എഫ്‌ഐ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലും എസ്‌എഫ്‌ഐ ആധിപത്യം സ്ഥാപിച്ചു. യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും വർധനയുണ്ടാക്കി. കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയിൽ എസ്‌എഫ്‌ഐക്ക് 55 കൗൺസിലർമാർ മാത്രമാണുണ്ടായിരുന്നത്. ഇത്തവണ ഇതിനകം 54 സീറ്റ് കിട്ടി. എസ്‌എഫ്‌ഐ ശക്തികേന്ദ്രങ്ങളായ മൂന്ന് യൂണിവേഴ്‌സിറ്റി സെന്ററുകളിൽ തെരഞ്ഞെടുപ്പ് നടക്കാനുമുണ്ട്. ഇതൊക്കെയായിട്ടും എസ്‌എഫ്‌ഐയുടെ തകർച്ച സ്വപ്‌നം കണ്ടുള്ള സൃഷ്‌ടിയാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്.
എസ്‌എഫ്‌ഐയുടെ നിരവധി കോട്ടകളിൽ കെഎസ്‌യു കൊടുങ്കാറ്റ് സൃഷ്‌ടിച്ചുവെന്നാണ് ദ ഹിന്ദു വാർത്ത കൊടുത്തത്. കെഎസ്‌യു നൽകിയ വാർത്താ കുറിപ്പ് അപ്പടി പകർത്തിയെഴുതിയാണ് ഈ വിധേയത്വം കാണിച്ചത്. എന്നാൽ ഒരു കോളേജിൽ മാത്രമാണ് എസഎഫ്‌ഐ പിന്നോട്ട് പോയത്. കണ്ണൂർ കൃഷ്‌ണമേനോൻ വനിത കോളേജ്. അതേസമയം, കെഎസ്‌യു തുടർച്ചയായി ജയിച്ച മട്ടന്നൂർ കോൺേ്കോഡ് കോളേജ്, സലഫി ബിഎഡ് കോളേജ്, രാജപുരം സെന്റ് പയസ് കോളേജ് തുടങ്ങിയവ എസ്‌എഫ്‌ഐ പിടിച്ചെടുത്തു. മറ്റ് പ്രധാന കോളേജുകളിലെല്ലാം എസ്‌എഫ്‌ഐ സമ്പൂർണ്ണ ആധിപത്യം തുടരുകയും ചെയ്തു. നിരവധി കോളേജുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മികച്ച വിജയം നേടിയപ്പോഴാണ് ഹിന്ദുവിന്റെ വ്യാജ സൃഷ്‌ടി.
മലയാള മനോരമയാകട്ടെ ഉരുണ്ട് കളിച്ച് തടിയൂരുകയും പരോക്ഷമായി കെഎസ്‌യു–-എംഎസ്‌എഫ് മുന്നേറ്റമെന്ന് വരുത്താൻ ശ്രമിക്കുകയും ചെയ്‌തു. എല്ലാവർക്കും വിജയാരവം എന്ന തലക്കെട്ടിൽ വിദ്യാർഥി സംഘടനകളുടെ അവകാശവാദം എന്ന നിലയിൽ മാത്രം വാർത്ത കൊടുത്താണ് നുണക്കഥ രചിച്ചത്. പത്രത്തിന്റെ റിപ്പോർട്ടർമാർക്ക് നേരിട്ട് ഒരു കോളേജിൽ നിന്നും വാർത്ത കിട്ടാത്തത് പോലെയാണ് സൃഷ്‌ടി.
എസ്‌എഫ്‌ഐയ്‌ക്ക് മേൽക്കൈ, മുന്നേറി കെഎസ്‌യു സഖ്യം- എന്നാണ് മാതൃഭൂമി തലക്കെട്ട്. കെഎസ്‌യു മുൻവർഷത്തേക്കാൾ വലിയ മുന്നേറ്റം നടത്തിയെന്നാണ് അവരുടെ കണ്ടുപിടുത്തം. എന്നാൽ ഈ മുന്നേറ്റം എവിടെയെന്ന് സ്വന്തം നിലയിൽ പത്രത്തിന് പറയാനില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..