18 November Monday

ഉയരെ കൊടിപാറിച്ച്‌ എസ്‌എഫ്‌ഐ; കണ്ണൂർ സർവകലാശാലയിൽ 71 ൽ 60 കോളേജിലും വിജയം

സ്വന്തം ലേഖികUpdated: Friday Feb 18, 2022

കണ്ണൂർ> കണ്ണൂർ സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്‌ നടക്കാൻ ബാക്കിയുണ്ടായിരുന്ന കോളേജുകളിലും -ക്യാമ്പസുകളിലും എസ്എഫ്ഐക്ക്‌ വൻ വിജയം. അഞ്ച് ക്യാമ്പസുകളിലും രണ്ട് കോളേജിലുമാണ് തെരഞ്ഞെടുപ്പ് ബാക്കിയുണ്ടായിരുന്നത്. ഇതിൽ നാല് ക്യാമ്പസിൽ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മാങ്ങാട്ടുപറമ്പ്‌, മാനന്തവാടി, പയ്യന്നൂർ സ്വാമി ആനന്ദതീർഥ, നീലേശ്വരം പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസുകളിലാണ്‌ എതിരില്ലാത്തത്‌. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന പാലയാട് ക്യാമ്പസിലും രണ്ട് കോളേജുകളിലും തിളക്കമാർന്ന വിജയം എസ്എഫ്ഐ നേടി. ഇതോടെ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 71 കോളേജിൽ 60ലും എസ്എഫ്ഐ വിജയിച്ചു. 78 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനവും നേടി.

ജനുവരി 28നാണ് സർവകലാശാലയിലെ കോളേജുകളിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പ് നടന്നത്. കോവിഡ് വ്യാപനം, പരീക്ഷ എന്നിവ  കാരണമാണ് ഏഴിടത്ത്‌ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. പാലയാട് ക്യാമ്പസിൽ മുഴുവൻ സീറ്റിലും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് എസ്‌എഫ്‌ഐ വിജയിച്ചത്‌. എംഎസ്എഫ് വർഗീയച്ചീട്ട് ഇറക്കിയ കാസർകോട് ഗവ. കോളേജിൽ മുഴുവൻ മേജർ സീറ്റും 18 മൈനർ സീറ്റുകളിൽ 13ഉം എസ്‌എഫ്‌ഐ നേടി.  കെഎസ്‌യുവിന്റെ കോട്ടയായിരുന്ന കാസർകോട് നെട്ടണികെ ബജ മോഡൽ കോളേജിൽ എട്ട്‌ മേജർ സീറ്റുകളിൽ ഏഴും, ഏഴ്‌ മൈനർ സീറ്റുകളിൽ അഞ്ചും  എസ്‌എഫ്‌ഐ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top