02 October Wednesday

അലതല്ലി പതഞ്ഞൊഴുകി കാന്തൻപാറ

ജാഷിദ് കരീംUpdated: Wednesday Oct 2, 2024

വടുവഞ്ചാൽ > പാറക്കെട്ടുകളിൽ അലതല്ലി പതഞ്ഞൊഴുകി, തട്ടുതട്ടായി താഴേക്ക്‌ പതിക്കുന്ന വെള്ളച്ചാട്ടം. കാടിന്റെ ചാരുതയിൽ വിസ്മയം കാത്തുവച്ചിരിക്കുകയാണ്‌ കാന്തൻപാറ. വനഭംഗിയും അരുവിയുടെ കളകള നാദവും താഴ്‌ചയിലേക്ക്‌ ഒഴുകിയിറങ്ങുന്ന ജലധാരയും ഇഷ്ടപ്പെടുന്നവർക്ക്‌ വയനാട്ടിലെ മൂപ്പൈനാട്‌ പഞ്ചായത്തിലെ കാന്തൻ പാറയിലേക്ക്‌ വരാം. കാട്ടുചോലകൾ നീന്തി പാറക്കെട്ടുകൾ കടന്ന്‌ ചിന്നിച്ചിതറിയാണ്‌ വെള്ളത്തിന്റെ വരവ്‌. ചിലയിടങ്ങളിൽ മനസ്സിൽ കുളിരുകോരി വെള്ളിനൂലിഴകളായി അരുവി തിരിയും.

മനസ്സും ശരീരവും തണുപ്പിക്കാനാണ്‌ ഇങ്ങോട്ടേക്ക് സഞ്ചാരികളെത്തുന്നത്‌. മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന്‌ അടച്ചിട്ടിരുന്ന കേന്ദ്രം ദിവസങ്ങൾക്ക്‌ മുമ്പാണ്‌ സഞ്ചാരികൾക്കായി തുറന്നത്‌. കുളിര്‌ നിറഞ്ഞ കാലാവസ്ഥയും അപകട സാധ്യത കുറഞ്ഞതും വിനോദസഞ്ചാരികളെ ഇവിടേക്ക്‌ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്‌. സംസ്ഥാനത്തെ ഇതര ജില്ലകളിൽനിന്നും  കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുമാണ് കൂടുതൽ പേർ എത്തുന്നത്. ഫോട്ടോകളും വീഡിയോകളുമെടുത്ത് ആർത്തുല്ലസിച്ചാണ്‌ മടക്കം.



ഇവിടേക്ക്‌ എത്തുമ്പോൾ കുളിരുപകരുന്ന പച്ചത്തുരുത്തുകളാണ് ആദ്യം വരവേൽക്കുക. തണലുകൾക്ക്‌ താഴെ ഇരിപ്പിടങ്ങളുണ്ട്. ഇവിടെയിരുന്ന്‌ കുളിർക്കാറ്റേൽക്കാം. പാറക്കല്ലുകളിലിരുന്ന്‌ കാട്ടരുവിയുടെ താളത്തിന് കാതുകൂർപ്പിക്കാം. കിളികളുടെ പാട്ട് കേൾക്കാം. വഴിതിരിഞ്ഞൊഴുകുന്ന അരുവികൾക്കിടയിൽ ഈറ്റക്കാടുകളുടെ തുരുത്തും ചെറുജലാശയങ്ങളും ആകാശം തൊടുന്ന വൻമരങ്ങളും കാണാം.

സേവ് ദ ഡേറ്റ്, വെഡിങ് ഫോട്ടോഗ്രാഫി എന്നിവക്കെല്ലാം കാന്തൻപാറയിലെത്തുന്നവർ ഏറെയാണ്‌. പാതകളിലും വെള്ളച്ചാട്ടത്തിനരികിലും  മതിയായ സുരക്ഷാ സംവിധാനങ്ങളുണ്ട്‌. ഭയംകൂടാതെ സഞ്ചാരികൾക്ക്‌ ഈ സൗന്ദര്യം ആസ്വദിച്ച് മടങ്ങാം. ഒഴുക്ക് കൂടുതലായതിനാൽ വെള്ളച്ചാട്ടത്തിലിപ്പോൾ കുളി അനുവദനീയമല്ല. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലാണ്‌ കേന്ദ്രം. ഊട്ടി അന്തർ സംസ്ഥാനപാതയിൽ റിപ്പൺ 52ൽനിന്ന് മൂന്ന് കിലോമീറ്ററും മേപ്പാടിയിൽനിന്ന്‌ എട്ടുകിലോമീറ്ററുമാണ്‌ കാന്തൻപാറയിലേക്കുള്ളത്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top