23 November Saturday

കാപ്കോസിന് 74 കോടി സഹായം; നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം

സ്വന്തം ലേഖകൻUpdated: Sunday Oct 27, 2024

തിരുവനന്തപുരം > നെൽകർഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിങ്‌ ആൻഡ് മാർക്കറ്റിങ്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്കോസ്) നബാർഡിന്റെ  ധനസഹായം. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രകച്ചറൽ ഡെവലപ്പ്മെന്റ് ഫണ്ട് (ആർഐഡിഎഫ്) പദ്ധതിപ്രകാരമുള്ള 74 കോടി രൂപയുടെ ധനസഹായമാണ് കാപ്കോസിന് അനുവദിച്ചതെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. സർക്കാർ ഗ്യാരന്റിയിലാണ് വായ്പ.

കാപ്കോസിന്റെ പദ്ധതിക്ക് പത്തുകോടി രൂപ സംസ്ഥാന സർക്കാരിന്റെ ധനസഹായമാണ്. ഇതിൽ ഒരു കോടി രൂപ അനുവദിച്ചുകഴിഞ്ഞു. 6.33 കോടി രൂപ 48 സംഘങ്ങളിൽനിന്ന് ഓഹരിയായി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും സഹകരണ വകുപ്പ് അനുവദിച്ചിരുന്നു.  

സംസ്ഥാനത്ത് പാലക്കാട് ഒഴികെ എല്ലാ ജില്ലകളും പ്രവർത്തന പരിധിയായുള്ള  കാപ്കോസിന്റെ ആദ്യമില്ലിന്റെ നിർമാണ പ്രവർത്തനം കോട്ടയം കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം പത്തേക്കർ ഭൂമിയിൽ ആരംഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റിക്കാണ് നിർമാണ ചുമതല. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. 50,000 മെട്രിക് ടൺ നെല്ല്  പ്രതിവർഷം സംസ്‌കരിക്കാം. നെല്ല് സംഭരിക്കുന്ന വെയർഹൗസിന് പകരം 3500 ടൺ ശേഷിയുള്ള എട്ട്‌ ആധുനിക സൈലോകളാണ് സ്ഥാപിക്കുക.  നിർമാണം പൂർത്തിയാകുന്നതോടെ അപ്പർ കുട്ടനാട് മേഖലയിലെ നെല്ലു സംസ്‌കരണത്തിൽ സർക്കാർ ഇടപെടൽ കൂടുതൽ ശക്തമാകുമെന്നും കാപ്കോസ്  കർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമായി മാറുമെന്നും മന്ത്രി  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top