കിളിമാനൂർ> തിരുവന്തപുരം ജില്ലയിലെ കരവാരം പഞ്ചായത്ത് ഭരണം ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപി ഭരണം തുടർന്ന കരവാരത്ത് പ്രസിഡൻ്റ് എസ് ഷിബുലാലിലെ അവിശ്വാസത്തിലൂടെ എൽഡിഎഫ് പുറത്താക്കിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 18 വാർഡുകൾ ഉള്ള പഞ്ചായത്തിൽ എൽഡിഎഫിനും ബിജെപിക്കും ഏഴ് വീതം അംഗങ്ങളും കോൺഗ്രസ് , എസ്ഡിപിഐ കക്ഷികൾക്ക് രണ്ട് വീതം അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സജീർ രാജകുമാരിയെ സ്ഥാനാർത്ഥിയായി എൽഡിഎഫ് മത്സരിപ്പിച്ചു. മറ്റാരും മത്സരിക്കാൻ ഇല്ലാത്തതോടെ ജനതാദൾ നേതാവായ സജീർ രാജകുമാരി ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ നാലു വർഷം നീണ്ടു നിന്ന ബിജെപി ഭരണത്തിന് അറുതിയായി.
മാസങ്ങൾക്ക് മുമ്പ് ബിജെപിയുടെ അഴിമതി, കെടുകാര്യസ്ത, സ്വജന പക്ഷപാതം എന്നിവയിൽ പ്രതിഷേധിച്ച് ബിജെപിയുടെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവർ പഞ്ചായത്ത് അംഗത്വം രാജിവെച്ച് എൽഡിഎഫിന് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് ശേഷം നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..