27 December Friday

കരവാരം പഞ്ചായത്ത്: ബിജെപിയുടെ അഴിമതിക്കും കൊള്ളരുതായ്‌മകൾക്കുമുള്ള തിരിച്ചടി

മിൽജിത്‌ രവീന്ദ്രൻUpdated: Tuesday Nov 12, 2024

തിരുവനന്തപുരം > കരവാരം പഞ്ചായത്തുകൂടി നഷ്ടമായതോടെ തലസ്ഥാന ജില്ലയിൽ ഇനി ബിജെപി ഭരണം കള്ളിക്കാട്‌ പഞ്ചായത്തിൽ മാത്രം. അധികാരം ലഭിച്ചിടങ്ങളിലെല്ലാം അഴിമതിയും തമ്മിൽതല്ലും സ്വജനപക്ഷപാതവുമായിരുന്നു ബിജെപിയുടെ മുഖമുദ്ര. കല്ലിയൂർ പഞ്ചായത്തിനു പിന്നാലെ കരവാരത്തെ ഭരണം ബിജെപിക്ക്‌ നഷ്ടമാക്കിയതും ഈ ഭരണ ‘മികവിൽ’ തന്നെ. കരവാരത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ കൊടിയ അഴിമതികളിലും സ്‌ത്രീവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച്‌ വൈസ്‌ പ്രസിഡന്റ്‌ അടക്കം ബിജെപിയുടെ രണ്ട്‌ വനിതാ അംഗങ്ങൾ രാജിവയ്‌ക്കുകയായിരുന്നു.

ഈ രണ്ടു വാർഡിലും ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിജയിച്ചതോടെ ഭരണമാറ്റത്തിന് കളമൊരുങ്ങി. അഴിമതിക്കേസിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിബുലാലിനെതിരെ വിജിലൻസ്‌ അന്വേഷണം നടക്കുന്ന വേളയിലാണ്‌ എൽഡിഎഫ്‌ അവിശ്വാസ പ്രമേയം കൊണ്ടുവന്നതും പാസാക്കിയതും. സ്‌ത്രീകളോടുള്ള മോശം പെരുമാറ്റവും അഴിമതിയും ചൂണ്ടിക്കാട്ടി വൈസ്‌ പ്രസിഡന്റ്‌ അടക്കമുള്ള വനിതാ അംഗങ്ങൾ ബിജെപിയുടെ ജില്ലാ നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ്‌ ഇരുവരും രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം സഹകരിക്കാൻ തീരുമാനിച്ചത്‌.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നാലു പഞ്ചായത്തിലാണ്‌ ബിജെപി ഭൂരിപക്ഷം നേടിയത്‌. കല്ലിയൂരിൽ ബിജെപിക്ക്‌ ഭരണം ലഭിച്ചപ്പോൾ പഞ്ചായത്ത്‌ ഓഫീസിനെ അഴിമതിയുടെ കേന്ദ്രമാക്കുകയായിരുന്നു. വെള്ളായണി കായലിൽ അനധികൃത നിർമാണങ്ങൾക്ക്‌ പെർമിറ്റ്‌ നൽകിയും ഇഷ്ടക്കാർക്ക്‌ പഞ്ചായത്തിൽ നിയമനം നൽകിയും ഭരണത്തെ പണസമ്പാദന മാർഗമാക്കുകയായിരുന്നു ബിജെപി ഭരണ സമിതി. ഇതോടെയാണ്‌ എൽഡിഎഫ്‌ അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ബിജെപി ഭരണം അവസാനിപ്പിച്ചതും.

എൽഡിഎഫ്‌ ഭരണത്തിലുള്ള ആറ്റിങ്ങൽ നഗരസഭയിലും അടുത്തിടെ ബിജെപിയുടെ രണ്ട്‌ കൗൺസിലർമാർ രാജിവച്ചിരുന്നു. പാർടി നേതൃത്വത്തിന്റെ അഴിമതിയിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഈ രണ്ടു വാർഡുകളും ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പിടിച്ചെടുത്തു. ഭരണത്തിലെത്തുന്നവരുടെ അഴിമതിക്കും കൊള്ളരുതായ്‌മകൾക്കും കൂട്ടുനിൽക്കുകയും പങ്കുപറ്റുകയുമാണ്‌ ജില്ലയിലെ ബിജെപി നേതൃത്വമെന്ന്‌ ആദ്യം മുതൽതന്നെ ആക്ഷേപം ഉയർന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top