കോഴിക്കോട് > കേരളത്തിലെ ജനകീയപ്രക്ഷോഭചരിത്രത്തിലെ ചോരകിനിയുന്ന ഓർമകളായ കരിവെള്ളൂർ- കാവുമ്പായി സമരങ്ങളെക്കുറിച്ച് കൂടുതൽ ചരിത്രരേഖകൾ. കോഴിക്കോട് സിവിൽസ്റ്റേഷനിലെ റീജണൽ ആർക്കൈവ്സിലാണ് ബ്രിട്ടീഷ് മർദനത്തിന്റെയും ജനകീയ ചെറുത്തുനിൽപ്പിന്റെയും വിവരങ്ങൾ ഉള്ളത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ കമ്യൂണിസ്‌റ്റ് പാർടിയുടെ നേതൃത്വത്തിൽ കൃഷിക്കാരും തൊഴിലാളികളും സംഘടിപ്പിച്ച പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയതിന്റെ തെളിവുകളാണ് ഈ രേഖകൾ.
കരിവെള്ളൂർ –-കാവുമ്പായി കർഷകസമരത്തിനും വെടിവയ്പിനും 78 വർഷം തികയുന്ന വേളയിലാണ് വിവരങ്ങൾ പുറത്തുവരുന്നത്. 1946 ഡിസംബർ 20ന് നടന്ന കരിവെള്ളൂർ വെടിവയ്പിൽ മണക്കാട്ട് വീട്ടിൽ കണ്ണനും കീനേരി കണ്ണനും 30ന് കാവുമ്പായിലെ വെടിവയ്പിൽ പുളൂക്കൽ കുഞ്ഞിരാമൻ, പി കുമാരൻ, മഞ്ഞേരി ഗോവിന്ദൻ, തെങ്ങിൽ അപ്പ നമ്പ്യാർ, ആലോറമ്പൻ കൃഷ്ണൻ എന്നിവരും രക്തസാക്ഷികളായി. മലബാർ ക്രിസ്ത്യൻകോളേജ് ചരിത്രവിഭാഗം മുൻ മേധാവി ഡോ. എം സി വസിഷ്‌ഠാണ് ആർക്കൈവ്‌സിലെ രേഖകൾ പരിശോധിച്ചത്. ആർക്കൈവ്സിലെ മദ്രാസ് സെക്രട്ടറിയറ്റ് പബ്ലിക് ഡിപ്പാർട്ട്മെന്റ് ഫയലുകൾ, ബണ്ടിൽ നമ്പർ 11, സീരിയൽ നമ്പർ 25, ബണ്ടിൽ നമ്പർ 8, സീരിയൽ നമ്പർ 2 എന്നീ ഫയലുകളിൽ വെടിവയ്പുകളെക്കുറിച്ച് പറയുന്നതായി വസിഷ്‌ഠ് പറഞ്ഞു.
ബണ്ടിൽ നമ്പർ 11-25 കരിവെള്ളൂർ വെടിവയ്പിനെക്കുറിച്ചാണ്. 1946 ഡിസംബർ 21 മുതൽ 1948 ഏപ്രിൽ 10 വരെയുള്ള പൊലീസിന്റെയും ഭരണാധികാരികളുടെയും ഔദ്യോഗിക കത്തിടപാടുകളാണ് ഇതിൽ. 1946 ഡിസംബർ 21ന് കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് എൻ കെ മാത്യൂസ് മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്താണ് ഫയലിലെ ആദ്യ രേഖ. ഇതിൽ കരിവെള്ളൂരിൽ വെടിവയ്പിലേക്ക് നയിച്ച സംഭവങ്ങളും പശ്ചാത്തലവുമാണ്. കമ്യൂണിസ്റ്റ് പാർടിയുടെയും കർഷകപ്രസ്ഥാനത്തിന്റെയും ശക്തികേന്ദ്രമായ കരിവെള്ളൂർ ‘മോസ്‌കോ' എന്നാണ് അറിയപ്പെടുന്നതെന്ന് പൊലീസ് സൂചിപ്പിച്ചിട്ടുണ്ട്. വെടിവയ്പിലേക്ക് നയിച്ച സംഭവങ്ങളും എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിച്ചതും പരാമർശിക്കുന്നുണ്ട്.
രണ്ടാമത്തെ രേഖ മജിസ്ട്രേറ്റ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ ചുരുക്കമാണ്. ന്യൂഡൽഹിയിലെ ആഭ്യന്തരവകുപ്പിനും ലണ്ടനിലെ ബ്രിട്ടീഷ് സർക്കാരിനും അയച്ചതാണത്. 1947 ജനുവരി ഒന്നിന് കലക്ടർ മദ്രാസിലെ ചീഫ് സെക്രട്ടറിക്കയച്ച കത്തിലാണ് കാവുമ്പായി വെടിവയ്പിനെക്കുറിച്ചുള്ളത്. വെടിവയ്പിൽ അഞ്ചുപേർ മരിച്ചുവെന്നാണ് ഉള്ളടക്കം. കരിവെള്ളൂർ, കാവുമ്പായി വെടിവയ്പിനെക്കുറിച്ച് മദിരാശി നിയമസഭയിൽ ഉയർന്ന ചോദ്യങ്ങളും മറുപടികളും രേഖകളിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..