22 December Sunday
കനത്ത മഴയോടെ തുടക്കം

ഇന്ന് കർക്കടകം ഒന്ന്, പഴയ പഞ്ഞമാസമായല്ല വരവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

കണ്ണൂര്‍ > കര്‍ക്കടക മാസത്തിന് ഇന്ന് തുടക്കം. കൊല്ലവര്‍ഷത്തിന്റെ അവസാന മാസമാണ് ഇത്.  ജൂലൈ 16 ചൊവ്വാഴ്ച തുടങ്ങി ഓഗസ്റ്റ് 16 വെള്ളിയാഴ്ച വരെയാണ് ഇത്തവണ കര്‍ക്കടകം വരുന്നത്.
പഞ്ഞവും പട്ടിണിയും രോഗങ്ങളും വേട്ടയാടുന്ന മാസമായാണ് കര്‍ക്കടകത്തെ വിശേഷിപ്പിച്ചിരുന്നത്. കോരിച്ചൊരിയുന്ന മഴയും ഈര്‍പ്പവും വീടുകള്‍ക്കകത്തെ വാസം പോലും ദുരിത പൂര്‍ണ്ണമാക്കി. വെള്ളപ്പൊക്കവും രോഗങ്ങളും ജനജീവിതത്തെ വേട്ടയാടി. നിത്യത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ഇത് തൊഴിലില്ലായ്മയുടെ കാലം കൂടിയായിരുന്നു. കാര്‍ഷിക മേഖലയും കൈത്തൊഴില്‍ രംഗങ്ങളും നിശ്ചലമായി. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാല്‍ ''കള്ളക്കര്‍ക്കടകം'' എന്നും ഈ മാസം വിശേഷിപ്പിക്കപ്പെടുന്നു.
പൊതു ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ കര്‍ക്കടകത്തില്‍ സാധ്യമായിരുന്നില്ല. രാമായണ പാരായണം പോലെ വീടിനകത്ത് ഒതുങ്ങിയ ആചാര വിശ്വാസങ്ങള്‍ക്കായിരുന്നു പ്രാധാന്യം. രാമായണപാരായണവും ദശപുഷ്പങ്ങള്‍ നിലവിളക്കിനു മുമ്പില്‍ ഒരുക്കിവെയ്ക്കുന്ന രീതിയും തുടര്‍ന്നു.



സാധാരണക്കാരന്റെ ദുര്‍ഘട മാസം

കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നാണ് പരമ്പരാഗതമായി പറയാറ്. അടുത്ത 11 മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് ഈ സമയം നീക്കി വെയ്ക്കുന്നവരുമുണ്ട്. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണ് കര്‍ക്കടകം.
താളും തകരയും ഉള്‍പ്പെടെയുള്ള ഇലക്കറികള്‍ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം നടത്തുന്നതും കര്‍ക്കടക മാസത്തിലെ ഒരു രീതിയാണ്.
ആധുനിക രീതിയിലുള്ള കെട്ടിടങ്ങളും തൊഴില്‍, വ്യവസായ ശാലകളും നിലവില്‍ വന്നതോടെ ഈ മാസത്തിന്റെ ദുര്‍ഘട വിശേഷങ്ങള്‍ അകന്നു. പുതിയ ചികിത്സാ രീതികളും ആരോഗ്യ സംരക്ഷണ രംഗത്തെ ശ്രദ്ധയും ആസൂത്രണവും ഈ മാസത്തെ സാധാരണ മാസമാക്കി. എങ്കിലും പഴയമയെ ഗൃഹാതുരതയോടെ കൊണ്ടു നടക്കുന്നവരുണ്ട്. ആയുര്‍വേദം കര്‍ക്കടകത്തിലെ ആരോഗ്യ സംരക്ഷണ പദ്ധതികളെ ജനകീയമാക്കി.

ഔഷധക്കഞ്ഞിയും നാടന്‍ മരുന്നു കൂട്ടുകളും ഇന്‍സ്റ്റന്റായി

കഞ്ഞിയില്‍ പച്ചമരുന്നുകളും അങ്ങാടിമരുന്നുകളും ചേര്‍ത്ത് മരുന്നുകഞ്ഞി ഉണ്ടാക്കി കുടുംബത്തില്‍ എല്ലാവരും ചേര്‍ന്ന് കഴിക്കുന്ന പതിവുണ്ട്. മരുന്നു കഞ്ഞിക്കൂട്ട് ഇപ്പോള്‍ ഇന്‍സ്റ്റന്റ് പാക്കറ്റുകളിലാണ്. തേങ്ങാമരുന്ന്, ചുക്കുകാപ്പി, ശരീരവേദനയകറ്റാന്‍ ഉഴിച്ചില്‍, പിഴിച്ചില്‍ എന്നീ ചികിത്സകളും കര്‍ക്കടകത്തില്‍ ചെയ്യാറുണ്ട്.
നാട്ടില്‍ തൊടികളില്‍ സുലഭമായി കിട്ടുന്ന പത്ത് ഇലകള്‍ കൊണ്ടുള്ള തോരന്‍ ഭക്ഷണത്തിനൊപ്പം ചേര്‍ക്കുമായിരുന്നു. താള്, തകര, മത്തന്‍, കുമ്പളം, ചേന, ചേമ്പ്, ചീര, പയറ്, ആനത്തുമ്പ, തഴുതാമ എന്നിവയാണ് പത്തിലകള്‍.
ദേശഭേദങ്ങളനുസരിച്ച് ഇലകളില്‍ മാറ്റം വരാം. മാത്രമല്ല സാമ്പത്തിക സ്ഥിയനുസരിച്ചും ഇതിലെല്ലാം വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പുഴയും തോടും ജലാശയങ്ങളും നിറയുന്നതിനാല്‍ മീന്‍ പിടിച്ച് പാചകം ചെയ്തു കഴിച്ചും വില്പന നടത്തിയും വിശപ്പടക്കാന്‍ വക കണ്ടെത്തിയ കാലവുമായിരുന്നു. കര്‍ക്കടകത്തിലേക്ക് ധാന്യങ്ങളും ഉണക്കിയ കപ്പയും മീനും പോലെ ഭക്ഷ്യവസ്തുക്കള്‍ കരുതിവെക്കുന്ന രീതിയും ഉണ്ട്.

മഴക്കാല വിനോദ സഞ്ചാരവും തെഴുക്കുന്നു

മഴക്കാലം, വിശേഷിച്ചും കേരളത്തിലെ മഴക്കാലം ഇപ്പോള്‍ വിനോദ സഞ്ചാരത്തിലെ ഒരു സവിശേഷ ആകര്‍ഷണമാണ്. പുഴയും തോടും തടാകങ്ങളും എല്ലാം നിറഞ്ഞും, തൊടിയിലും മലയിലുമെല്ലാം പച്ച നിറഞ്ഞും നില്‍ക്കുന്ന കാലം. മലയാളിയുടെ പ്രവാസ ജീവിതത്തില്‍ മഴക്കാലം തിരിച്ചു വരവിന്റെ കൊതി നിറയുന്ന കാലമാണ്. മഴയും മടിയുമായി വീട്ടിലേക്ക് എത്തുക എന്ന ഇഷ്ടം പെരുകുന്നു. കേട്ടറിഞ്ഞ് കേരളത്തിലെ മഴ കാണാന്‍ വിദേശികളും എത്തുന്നു.


ആദ്യ ദിനങ്ങള്‍ക്ക് കനത്ത മഴയോടെ തുടക്കം

കേരളത്തില്‍ ഇന്നും നാളെയും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മഴ കനക്കുക. മേഘങ്ങള്‍ കൂട്ടത്തോടെ ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്നതിനെയാണ് എം ജെ ഒ പ്രതിഭാസം എന്ന് വിശേഷിപ്പിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാവകുപ്പ് അറിയിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളില്‍ നാളെ (17-07-2024) രാവിലെ 11.30 വരെ 2.9 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്തും, തമിഴ്നാട് തീരത്തും 17-07-2024 ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top