23 December Monday

കാസ്‌പിനെ കേന്ദ്ര പദ്ധതിയാക്കാൻ ബിജെപിയുടെ വ്യാജ ക്യാമ്പുകൾ

സ്വന്തം ലേഖികUpdated: Sunday Sep 1, 2024

തിരുവനന്തപുരം > ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു എന്ന പേരിൽ ബിജെപിയുടെ നേതൃത്വത്തിൽ വീണ്ടും നുണപ്രചാരണവും പണപ്പിരിവും. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയായ (കാസ്‌പ്‌) കേന്ദ്രസർക്കാരിന്റെതാക്കി മാറ്റിയാണ്‌ പ്രാദേശിക ക്യാമ്പുകൾ നടത്തുന്നത്‌. തിരുവനന്തപുരത്ത്‌ വിവിധയിടങ്ങളിൽ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചതായി ആരോഗ്യവകുപ്പിന്‌ വിവരം ലഭിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി അംഗങ്ങളുടെ വാർഡുകൾ കേന്ദ്രീകരിച്ചാണ് ക്യാമ്പ്. കാസ്‌പ്‌ അധികൃതരുടെ അറിവില്ലാതെയാണ്‌ ഈ ക്യാമ്പുകളെന്നും ഇതിലൂടെ ലഭിക്കുന്ന കാർഡുകൾ ഇൻഷുറൻസ്‌ പരിരക്ഷ നൽകില്ലെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു.

കോർപറേഷനിലും വിവിധ പഞ്ചായത്തുകളിലും ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്‌. ഇത്തരത്തിൽ വ്യാജ കാർഡുകൾ വിതരണം ചെയ്യുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന്‌  ആരോഗ്യവകുപ്പ്‌ അധികൃതർ പറഞ്ഞു. ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപറേഷൻ പരിധിയിൽ ക്യാമ്പുകൾ നടന്നിട്ടുണ്ട്‌. ആറ്റിങ്ങലിൽ വിവിധ പഞ്ചായത്തുകളിൽ ബിജെപി വാർഡ്‌ അംഗങ്ങൾ ക്യാമ്പിന്‌ നേതൃത്വം നൽകി. ഉദ്യോഗസ്ഥരും ഇതര ജനപ്രതിനിധികളും എത്തി ക്യാമ്പ്‌ തടഞ്ഞ സംഭവവുമുണ്ടായിട്ടുണ്ട്‌. ഒരാളിൽനിന്ന്‌ 50 രൂപ ഈടാക്കി ആധാർ വിവരങ്ങൾ അടക്കം ശേഖരിച്ചാണ്‌ വ്യാജപ്രചാരണം. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പുതിയ രജിസ്‌ട്രേഷനോ പുതുക്കലിനോ യാതൊരു അറിയിപ്പും നിലവിൽ ആരോഗ്യവകുപ്പ്‌ നൽകിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top