തിരുവനന്തപുരം
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ ഇഡി പ്രതികളാക്കിയ പി ആർ അരവിന്ദാക്ഷൻ, സി കെ ജിൽസ് എന്നിവർക്ക് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ മുക്കി ബഹുഭൂരിപക്ഷം മാധ്യമങ്ങളും. ഇവർ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണമുണ്ടെന്നാണ് കോടതി പറഞ്ഞത്. കരുവന്നൂരിന്റെ പേരിൽ സിപിഐ എമ്മിനെയും സഹകരണ മേഖലയെയും അപഹസിച്ച മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ മിണ്ടാട്ടമില്ലാതായി.
സഹകരണ സംഘങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള കുഴപ്പങ്ങൾ ഉള്ളത് 1.5 ശതമാനത്തിൽ താഴെ മാത്രമാണ്. ക്രമക്കേട് കണ്ടെത്തിയവയിൽ ബഹുഭൂരിപക്ഷവും യുഡിഎഫ് ഭരിച്ച ബാങ്കുകളുമാണ്. 98.5 ശതമാനം കുറ്റമറ്റതായിട്ടും സഹകരണ മേഖലയാകെ തന്നെ കുഴപ്പത്തിലാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം.
സഹകരണ വകുപ്പ് തന്നെ കണ്ടെത്തിയ ക്രമക്കേടുകൾ ഏറ്റെടുത്താണ് ഇഡി രാഷ്‌ട്രീയ ലക്ഷ്യത്തോടെ നീങ്ങിയത്. തുടർച്ചയായി കേസുകൾ എടുക്കുകയും കോടതിയിൽ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിയാതെ ഇഡി നീട്ടിക്കൊണ്ടു പോവുകയും ചെയ്തു. സത്യാവസ്ഥ വെളിപ്പെടുമ്പോൾ മൗനം പാലിക്കുന്ന മാധ്യമങ്ങളും സഹകരണ മേഖലയെ തകർക്കാൻ ഫലത്തിൽ കൂട്ടുനിൽക്കുകയാണ്.
സർക്കാരും സഹകാരികളും ചേർന്ന് സഹകരണ മേഖലയുടെ സമൂലമായ പരിഷ്കാരത്തിനും ഉന്നമനത്തിനും ശ്രമിക്കുമ്പോഴാണ് വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്. ക്രമക്കേടുകൾ തടയുന്നതിന് 50 വർഷം മുൻപുള്ള നിയമം സർക്കാർ പൊളിച്ചെഴുതി. സഹകരണ മേഖലയുടെ സമഗ്ര നവീകരണത്തിനുതകുന്ന ഭേദഗതി കൊണ്ടുവന്ന സർക്കാർ 57 വ്യവസ്ഥകളാണ് പുതുതായി ഉൾപ്പെടുത്തിയത്. വ്യവസായ വകുപ്പുമായി സഹകരിച്ച് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുൾപ്പെടെ വിപുലമായ വികസന നടപടികളും സ്വീകരിച്ചു. ഇത്തരം വസ്തുതകളെ തമസ്കരിക്കുകയും ലക്ഷക്കണക്കിന് പേരുടെ ആശ്രയമായിട്ടും അതിനെ തകർക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്യുന്ന സമീപനമാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിക്കുന്നത്.
ഇഡി ശ്രമിച്ചത്
സിപിഐ എമ്മിനെ അപമാനിക്കാൻ:
എം എം വർഗീസ്
കരുവന്നൂർ ബാങ്ക് കേസിൽ സിപിഐ എമ്മിനെ അപമാനിക്കാനാണ് ഇഡി ശ്രമിച്ചതെന്ന് ജില്ലാ സെക്രട്ടറി എം എം വർഗീസ്. പി ആർ അരവിന്ദാക്ഷൻ നിരപരാധിയാണെന്ന് തങ്ങൾക്ക് അറിവുള്ള കാര്യമാണ്. പാർടിയെ അപമാനിക്കാൻ വേണ്ടിയാണ് അരവിന്ദാക്ഷനെ അറസ്‌റ്റ് ചെയ്‌തത്. കള്ളക്കഥകൾ മെനയുകയാണ് ഇഡി ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നെയും എം കെ കണ്ണനെയും എ സി മൊയ്‌തീനെയും പി കെ ഷാജനെയും ചോദ്യം ചെയ്‌തു.
ഒരു പ്രശ്നവുമില്ലാത്ത, പാർടി അക്കൗണ്ടുകളാണ് ഇഡി മരവിപ്പിച്ചത്. പിടിച്ചുവച്ചിരിക്കുന്നത് അവിഹിത സമ്പാദ്യമല്ല. ജനങ്ങളുടെ പണമാണ് അക്കൗണ്ടിലുള്ളത്. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലെ പണം സിപിഐ എമ്മിന് തിരികെ കിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..