തിരുവനന്തപുരം
സംസ്ഥാനത്ത് കരുത്തറിയിച്ച് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർ (കെഎഎസ്). കെഎഎസുകാരുടെ മൂന്നാംവാർഷികാഘോഷം ഞായറാഴ്‌ച നടക്കും. മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അവികസിത ജില്ലകളിൽ സർവീസ് മേഖലയെ കുറ്റമറ്റരീതിയിൽ ചലിപ്പിക്കാൻ കെഎഎസിന് കഴിഞ്ഞതായാണ് വിലയിരുത്തൽ.
കാസർകോട് ജില്ലയിൽ എട്ട് കെഎഎസ് ഉദ്യോഗസ്ഥരുണ്ട്. വിവിധ വകുപ്പിൽ മധ്യതല ഉദ്യോഗസ്ഥരെ നിയമിക്കുകയും ഐഎഎസ് ഉദ്യോഗസ്ഥരുടേതുപോലെ മികച്ച സർവീസ് ഘടന ഉണ്ടാക്കുകയുമാണ് കെഎഎസിലൂടെ സർക്കാർ ലക്ഷ്യമിട്ടത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷമുള്ള പ്രവർത്തനങ്ങൾ പരാതികൾക്ക് ഇടയില്ലാത്ത വിധം നടത്താൻ കഴിഞ്ഞു. ജില്ലാ അധികൃതർ അഞ്ച് കെഎഎസുകാരുടെ സേവനം മൂന്നുമാസം പ്രയോജനപ്പെടുത്തി. 2021 ഡിസംബറിലാണ് കെഎഎസിന് തുടക്കം കുറിച്ചത്. ഒന്നരവർഷത്തെ പരിശീലനത്തിനുശേഷം 2023 ജൂലൈയിൽ നിയമനം നൽകി. മൂന്ന് സ്‌ട്രീമുകളിലായി 105 പേർക്കായിരുന്നു നിയമനം. ഒരാൾ ഐഎഎസ് സെലക്‌ഷൻ കിട്ടിപോയി. ഇദ്ദേഹവും കേരള കേഡറിലാണ് പ്രവർത്തിക്കുന്നത്.
കെഎഎസിൽ സർവേ വകുപ്പിലെ അസി. ഡയറക്ടർ ഡയറക്ടർ അസിഫ് അലിയാർ മികച്ച അസി. ഡയറക്ടർക്കുള്ള പുരസ്‌കാരം നേടി. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലയ്‌ക്കുള്ള പുരസ്കാരം കാസർകോടിനെത്തേടി എത്തിയപ്പോൾ അതിൽ കെഎഎസുകാരുടെ ഇടപെടലുണ്ടായിരുന്നു. ദേശീയതലത്തിൽ സർക്കുലർ ഇക്കോണമിയിൽ ആശയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടാൻ വയനാട് ജില്ലാവ്യവസായ കേന്ദ്രം അസി. ഡയറക്ടർ അഖില സി ഉദയന് കഴിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..