23 December Monday

ചിങ്ങ സമ്മാനമായി 
‘കതിർ’ ആപ്; കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

തിരുവനന്തപുരം> കൃഷിഭവനുകളെ സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് തയ്യാറാക്കിയ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി) സോഫ്‌റ്റ്‌വെയറും ആപ്പും പുറത്തിറക്കി. ചിങ്ങം ഒന്നായ ശനിയാഴ്‌ച നിയമസഭ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽനടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇവ പുറത്തിറക്കിയത്‌.

കർഷകർക്കുള്ള എല്ലാ സേവനവും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോർട്ടലാണ് കതിർ. കർഷകർക്ക് വളരെ എളുപ്പത്തിലും സുതാര്യമായും സമയോചിതമായും സേവനങ്ങൾ എത്തിക്കാനും കൃഷി ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം കൃഷിയിടത്തിൽ ചിലവഴിക്കാനും ഈ സോഫ്റ്റ്‌വെയർ സഹായകരമാകും. വെബ്പോർട്ടലായും മൊബൈൽ ആപ്ലിക്കേഷൻ ആയും രൂപപ്പെടുത്തിയിട്ടുള്ള സോഫ്റ്റ്‌വെയറിലെ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവ നേടാനും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഈ സംവിധാനം പ്രവർത്തിക്കും.

കതിർ ആപ് പ്ലേസ്റ്റോറിൽ

കതിർ ആപ് കർഷകർക്ക് പ്ലേസ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം. ശനിമുതൽ കതിർ ആപ്പിന്റെ സേവനങ്ങൾ കർഷകർക്ക് ലഭ്യമായി തുടങ്ങി. മൊബൈലിൽ ആപ് ഡൗൺലോഡ് ചെയ്യുന്നതിനായി ക്യുആർ കോഡും കൃഷിവകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.

സ്മാർട്ട് ഫാമിങ്ങിന്റെ സാധ്യത
പരിശോധിക്കണം: മുഖ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കേരളത്തിലും സ്മാർട്ട് ഫാമിങ്ങിന്റെ സാധ്യതകൾ  പരിശോധിക്കപ്പെടണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചിങ്ങം ഒന്നിന് കർഷകദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കർഷക അവാർഡ് വിതരണവും കതിർ ആപ്പ് ലോഞ്ചിങ്ങും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂന്ന് പ്രധാന കാര്യങ്ങളാണ് സ്മാർട്ട് ഫാമിങ്ങിലൂടെ ലക്ഷ്യം വെക്കുന്നത്. ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ,  കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം ചെറുക്കൽ, പരിസ്ഥിതി ആഘാതം ലഘൂകരിക്കൽ എന്നിവയാണത്. ഈ ത്രിതല ഇടപെടൽ എങ്ങനെ വിജയകരമായി നടപ്പാക്കാം എന്നത് ആലോചിക്കണം. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച്  കാർഷിക കലണ്ടറിലും സമൂലമായ മാറ്റം ആവശ്യമാണ്. കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ചുള്ള  കൃഷിരീതി വികസിപ്പിക്കാനും അവ നടപ്പാക്കാനും കഴിയണം.

ഏത് മാസത്തിലും മഴ പെയ്യാം. അതിന്റെ ഏറ്റക്കുറച്ചിൽ മനസ്സിലാക്കി കാർഷിക കലണ്ടറിൽ മാറ്റം വരുത്തണം. കാർഷിക സ്വയംപര്യാപ്തത ഓരോ പൗരനും സ്വന്തം ഉത്തരവാദിത്തമായി  ഏറ്റെടുത്താലേ മുന്നേറ്റം കൈവരിക്കാനാകൂവെന്നുംമുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ  കൃഷിമന്ത്രി പി പ്രസാദ്‌ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top