കൊച്ചി
അമ്മവേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ മായാത്ത വാത്സല്യച്ചിരി സമ്മാനിച്ച പ്രിയ അഭിനേത്രി കവിയൂർ പൊന്നമ്മ (79) വിടവാങ്ങി. അർബുദബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളി വൈകിട്ട് 5.33നായിരുന്നു അന്ത്യം. മൃതദേഹം ശനി രാവിലെ ഒമ്പതുമുതൽ 12 വരെ കളമശേരി മുനിസിപ്പൽ ടൗൺഹാളിലും നാലുവരെ ആലുവയിലെ ശ്രീപദം വീട്ടിലും പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കാരം.
പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ 1945 സെപ്‌തംബർ 10നാണ് ജനനം. ടി പി ദാമോദരന്റെയും ഗൗരിയുടെയും ഏഴു മക്കളിൽ മൂത്തയാൾ. അഞ്ചാംവയസ്സുമുതൽ വിവിധ ഗുരുക്കന്മാർക്കുകീഴിൽ സംഗീതമഭ്യസിച്ചു. പന്ത്രണ്ടാംവയസ്സിൽ നാടകങ്ങളിൽ പാടി. 1958ൽ പ്രതിഭ ആർട്‌സിനുവേണ്ടി തോപ്പിൽഭാസി സംവിധാനംചെയ്‌ത മൂലധനം നാടകത്തിൽ പാടി അഭിനയിച്ച് അരങ്ങിലെത്തി. തുടർന്ന് സിനിമാരംഗത്തേക്ക്. 1962ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകമാണ് ആദ്യചിത്രം. 2021ൽ പുറത്തിറങ്ങിയ ‘ആണും പെണ്ണും’ എന്ന സിനിമാസമാഹാരത്തിലെ ‘റാണി’യാണ് അവസാനചിത്രം. അമ്മവേഷമണിഞ്ഞ് 1964ൽ പുറത്തിറങ്ങിയ ‘കുടുംബിനി’യാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ സിനിമ. ഓടയിൽനിന്ന്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, ത്രിവേണി, കരകാണാക്കടൽ, ചാമരം, നിർമാല്യം, കൊടിയേറ്റം, തിങ്കളാഴ്‌ച നല്ല ദിവസം, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഹിസ് ഹൈനസ് അബ്‌ദുല്ല, കിരീടം, വാത്സല്യം, നന്ദനം തുടങ്ങി നിരവധി ചിത്രങ്ങളിൽ അവിസ്‌മരണീയമായ വേഷങ്ങൾ ചെയ്തു. എഴുന്നൂറിലേറെ സിനിമകളിലും മുപ്പതോളം ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു.
നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി. പരേതനായ മണിസ്വാമി (നിർമാതാവ്)യാണ് ഭർത്താവ്. ഏകമകൾ ബിന്ദു അമേരിക്കയിൽ സ്ഥിരതാമസം. മരുമകൻ: പ്രൊഫ. വെങ്കിട്ടറാം (മിഷിഗൺ സർവകലാശാല, അമേരിക്ക). അന്തരിച്ച നടി കവിയൂർ രേണുക സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: പരേതയായ ജഗദമ്മ, സരസമ്മ, ഗണേഷ്, സുരേഷ്, മനോജ്.
ആദരാഞ്‌ജലി അർപ്പിക്കാൻ ജനപ്രവാഹം
മാതൃസ്‌നേഹത്തിന് പുതുഭാവം നൽകിയ അഭിനേത്രി കവിയൂർ പൊന്നമ്മയ്‌ക്ക് ആദരാഞ്‌ജലി അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽനിന്ന് പ്രവാഹം. മരണവാർത്തയറിഞ്ഞ് കലൂരിലെ ലിസി ആശുപത്രിയിലേക്ക് ജനങ്ങൾ എത്തി. ഐസിയുവിൽനിന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമ്പോൾ ഒരുനോക്കുകാണാൻ ആരാധകർ കാത്തുനിന്നു.
വെള്ളി രാത്രി 10 വരെ മൃതദേഹം ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചു. അഭിനേതാക്കളായ സുരേഷ്‌ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജോണി ആന്റണി, വിനു മോഹൻ, സരയു, ജോമോൾ, അനന്യ, ജയൻ ചേർത്തല, മഞ്‌ജു പിള്ള, സംവിധായകരായ സിബി മലയിൽ, ബി ഉണ്ണിക്കൃഷ്‌ണൻ തുടങ്ങിയവർ ആശുപത്രിയിലെത്തി ആദരാഞ്‌ജലി അർപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗം എസ് ശര്‍മ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.
എറണാകുളം ലിസി ആശുപത്രിയിൽ കവിയൂർ പൊന്നമ്മയ്‌ക്ക് സംവിധായകൻ സിബി മലയിൽ ആദരാഞ്‌ജലി അർപ്പിക്കുന്നു
ന്യൂജെൻ കാലത്തോട് പരിഭവിച്ച പൊന്നമ്മ
മാറിയ മലയാളസിനിമയിൽ അച്ഛൻ, അമ്മ വേഷങ്ങൾ ഇല്ലാതായതിനെക്കുറിച്ച് ആദ്യം പരിഭവിച്ച മുതിർന്ന അഭിനേതാക്കളിലൊരാളാണ് കവിയൂർ പൊന്നമ്മ. സിനിമാ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ മാക്‌ടയുടെ വാർഷികസമ്മേളന വേദികളിലൊന്നിലായിരുന്നു പൊന്നമ്മയുടെ പ്രതികരണം. ‘പുതിയ സിനിമക്കാർക്ക് തന്തയുമില്ല, തള്ളയുമില്ല’ എന്ന നിരീക്ഷണം കേൾവിക്കാരിൽ ആദ്യം അമ്പരപ്പായെങ്കിലും വിശദീകരിച്ചതോടെ കാര്യം വ്യക്തമായി.
ന്യൂജെൻ സിനിമകളിൽ മുതിർന്ന നടീനടന്മാർക്ക് അവസരങ്ങൾ ഇല്ലാതായതിനെക്കുറിച്ചായിരുന്നു പൊന്നമ്മയുടെ കമന്റ്. നായകനും നായികയും അവരുടെ കൂട്ടുകാരുമൊക്കെ കഥാപാത്രമായി ഉണ്ടാകുമെങ്കിലും അവരുടെയൊന്നും വീടോ വീട്ടുകാരോ ചിത്രങ്ങളിൽ കാണില്ല. കുടുംബപ്രേക്ഷകരെ ഉന്നമിട്ട് നിർമിച്ചിരുന്ന സിനിമകളുടെ പഴയ കാലം ഓർമിച്ചായിരുന്നു പൊന്നമ്മയുടെ പ്രസംഗം. ന്യൂജെൻ സിനിമയിലൂടെ അടിമുടി മാറ്റം കൊണ്ടുവന്നപ്പോൾ തന്നെപ്പോലുള്ള മുതിർന്ന അഭിനേതാക്കൾക്ക് അവസരം നഷ്‌ടമായി എന്നതുകൂടിയാണ് പരിഭവം പുരട്ടി പൊന്നമ്മ പറഞ്ഞുവച്ചത്.
കൊതിച്ചത് സുബ്ബലക്ഷ്മി ആവാൻ
അഭിനേത്രിയായ മാറിയ കഥ കവിയൂർ പൊന്നമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എം എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാൻ കൊതിച്ച് നടിയായ വഴികളാണ് വിവരിച്ചത്. പി ജെ ആന്റണിയുടെ പ്രതിഭാ തിയേറ്റേഴ്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തെത്തിയത്. പുതിയ നാടകത്തിന് പാട്ടുകാരിയെ തേടിയ തോപ്പിൽ ഭാസിയും നടൻ ശങ്കരാടിയും കെപിഎസി കേശവൻ പോറ്റിയും 14ാം വയസ്സിൽ പൊന്നമ്മയുടെ ജീവിതം മാറ്റിമറിച്ചു. ദേവരാജൻമാഷുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു അത്. അദ്ദേഹത്തിനു മുന്നിൽ തംബുരുവേന്തി ആലപിച്ച കീർത്തനം വഴിതുറന്നത് അരങ്ങിലേക്കായിരുന്നു. അങ്ങനെ അന്നുവരെ നാടകമോ സിനിമയോ കണ്ടിട്ടില്ലാത്ത പൊന്നമ്മ, അമ്മയുടെ താൽപര്യക്കുറവ് മറികടന്ന് അച്ഛന്റെ സമ്മതത്തോടെ തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിൽ അഭിനേത്രിയായി.
ആദ്യ ചിത്രങ്ങളിലൊന്നായ ‘ഓടയിൽനിന്നി’ലെ ‘അമ്പലക്കുളങ്ങരെ...’ എന്ന സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങൾ കവിയൂർ പൊന്നമ്മ അവിസ്മരണീയമാക്കി. 1972ൽ സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ‘തീർഥയാത്രയി’ലെ പ്രശസ്തമായ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനത്തിലും പൊന്നമ്മയിലെ ഗായികയുടെ ശബ്ദമാധുര്യം അനുഭവവേദ്യമാകും. പൂക്കാരാ പൂതരുമോ..., വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ... എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മ ആലപിച്ചിട്ടുണ്ട്.
പത്തൊമ്പതാം വയസിൽ തലയിൽ വെള്ളച്ചായം പൂശി അമ്മയായതാണ് കവിയൂർ പൊന്നമ്മ. മലയാള സിനിമയിൽ അമ്മ എന്ന് കേൾക്കുമ്പോൾ മനസിൽവരിക ആ രൂപം. ശാന്തമായ പുഞ്ചിരിയും സൗമ്യഭാവവുമായി നേർത്ത ശബ്ദത്തിൽ ഏതെങ്കിലും നടനെ ആ അമ്മ "മോനേ' എന്ന് വിളിക്കുന്നത്ര ആർദ്രമായി അവരെ പ്രസവിച്ച അമ്മമാർപോലും വിളിച്ചിട്ടുണ്ടാകില്ല.
തന്നെക്കാൾ മുതിർന്ന സത്യൻ, മധു, തിലകൻ തുടങ്ങിയവരുടെ അമ്മയായി അഭിനയിച്ചു. നസീർ മുതൽ പ്രിഥ്വിരാജ് വരെ തലമുറകളിലെ നായകർക്കൊപ്പം അമ്മയും അമ്മൂമ്മയുമായും.
‘തൊമ്മന്റെ മക്കളി’ൽ (1965) സത്യന്റെയും മധുവിന്റെയും, ‘പാദസര’ ത്തിൽ ടി ജി രവിയുടെയും അമ്മയായി വേഷമിട്ടു. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലയിലും നല്ല ജോടിയായി ഖ്യാതി നേടി. മോഹൻലാലിന്റെ അമ്മയായപ്പോഴാണ് പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടത്. ലാലും പൊന്നമ്മയും രൂപസാമ്യത്താലും അലിഞ്ഞുചേർന്ന അഭിനയംകൊണ്ടും തിരശീലയിൽ അമ്മയും മകനുമായി പകർന്നാടിയപ്പോൾ മലയാളികൾ മനസറിഞ്ഞ് സ്വീകരിച്ചു. അവരെ ലാലിന്റെ ശരിക്കുള്ള അമ്മയായി തെറ്റിദ്ധരിച്ചവരും ഏറെ. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ ഒരു കഥാപാത്രം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..