തിരുവനന്തപുരം > ഹലോ പറഞ്ഞുള്ള എല്ലാ ചോദ്യങ്ങൾക്കും ‘കെല്ലി’ കൃത്യമായ മറുപടി നൽകും. വാഹന സംബന്ധമായ വിവരങ്ങൾ, സബ്സ്‌ക്രിപ്ഷൻ തുക, തിരിച്ചടവുകൾ തുടങ്ങി ക്ഷേമനിധി ബോർഡിനെ സംബന്ധിക്കുന്ന ഏത് സംശയങ്ങൾക്കും ഈ ‘നിർമിതബുദ്ധി റിസപ്ഷനിസ്റ്റി’ന് ഉത്തരമുണ്ട്.
കേരള മോട്ടോർ ട്രാൻസ്‌പോർട്ട് ക്ഷേമനിധി ബോർഡിലാണ് ഇടപാടുകാരെ സഹായിക്കാൻ റോബോട്ടെത്തിയത്. മലയാളത്തിലും ഇംഗ്ലീഷിലും കെല്ലിയുമായി സംവദിക്കാം. ജീവനക്കാരെയും വിശിഷ്‌ടാതിഥികളെയും തിരിച്ചറിയാനും അവർക്ക് വഴികാട്ടാനും കെല്ലിക്ക് കഴിയും. ക്ഷേമനിധി ബോർഡിന്റെ കേന്ദ്രീകൃത ഇആർപി സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളെയും തിരിച്ചറിയാനാകും. വാഹന നമ്പർ പറഞ്ഞാൽ വിവരങ്ങളും ലഭിക്കും.
കെൽട്രോൺ ആണ് ടച്ച് സ്‌ക്രീൻ സംവിധാനത്തിലുള്ള ‘കെല്ലി’യെ വികസിപ്പിച്ചത്. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 18ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. 1000 പേജുകൾ ഒരുദിവസം പഠിക്കാൻ കെല്ലിക്ക് കഴിയും. വിവരങ്ങൾ പ്രിന്റ് ചെയ്‌ത് നൽകുന്നതും പരിഗണനയിലാണ്. നിലവിലുള്ള പരിമിതികൾ മനസിലാക്കിയും ഉപയോക്‌താക്കളുടെ അഭിപ്രായങ്ങൾ നോക്കിയും മാറ്റം വരുത്തുമെന്ന് കെൽട്രോൺ സീനിയർ എൻജിനീയർ എസ് കൃഷ്‌ണപ്രിയ പറഞ്ഞു. ഐടി വിഭാഗം ചീഫ് ജനറൽ മാനേജർ കെ ഉഷ, സോഫ്റ്റ്‌വെയർ ഗ്രൂപ്പ് ഡിജിഎം എസ് എസ് വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് കെല്ലിയെ നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..