22 December Sunday

കെല്‍ട്രോണ്‍ നാവികസേനയ്‌ക്കായി നിര്‍മിച്ച പ്രതിരോധ സംവിധാനം 'മാരീച്' കൈമാറുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 30, 2021

അരൂര്‍ > നാവികസേനയ്‌‌ക്കായി കെല്‍ട്രോണ്‍ നിര്‍മിച്ച മാരീച് എന്‍പിഒല്ലിന് ജനുവരി ഒന്നാം തീയതി കൈമാറും. അരൂരിലുള്ള കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ വ്യവസായവകുപ്പ് മന്ത്രി പി രാജീവ് മാരീച് റഫറല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കെല്‍ട്രോണ്‍ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എന്‍ നാരായണ മൂര്‍ത്തി എന്‍പിഒഎല്‍ (നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രാഫിക് ലോബോറട്ടറി) ഡയറക്ടര്‍ മാരീച് അറെ-യുടെ ചെറുമാതൃക കൈമാറും. 

ഇന്ത്യന്‍ നാവികസേനയുടെ ആറ് കപ്പലുകളിലായി സ്ഥാപിക്കാനിരിക്കുന്ന 11 മാരീച് എടിഡിഎസുകള്‍ക്കായി,  അതിന്റെ ജല സമ്പര്‍ക്ക ഭാഗങ്ങള്‍ (ടോഡ് അറെ) നിര്‍മ്മിക്കാനുള്ള 48.4 കോടി രൂപയുടെ ഓര്‍ഡര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് നേടിയിരുന്നു. ഇത് മൂന്നുവര്‍ഷ കാലയളവില്‍ പൂര്‍ത്തീകരിക്കേണ്ട ജോലിയാണ്. മാരീച്ച് ടോഡ് അറെ-യുടെ കൃത്യമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി, ഒരു റഫറല്‍ സംവിധാനം വികസിപ്പിക്കാനുള്ള പദ്ധ്വതി എന്‍പിഒഎല്ലിനുണ്ട്. അതിന്റെ നിര്‍മ്മാണത്തിനുള്ള 4.7 കോടി രൂപയുടെ ഓര്‍ഡറും കെല്‍ട്രോണ്‍ നേടിയിരുന്നു. ആ ഓര്‍ഡര്‍ ആണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ച് കൈമാറുന്നത്.

കപ്പലുകളെ തകര്‍ക്കുന്ന ബോംബുകളെ കണ്ടെത്താനും, അവയെ ആശയക്കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള, കപ്പലുകളില്‍ ഉപയോഗിക്കുന്ന  'അഡ്വാന്‍സ്ഡ് ടോര്‍പ്പിഡോ ഡിഫന്‍സ് സിസ്റ്റം (എ.ടി.ഡി.എസ്.)' ആണ് മാരീച്. ഇത് രൂപകല്പന ചെയ്തതും വികസിപ്പിച്ചതും എന്‍പിഒഎല്‍ ആണ്. ഗുണമേന്മയോടെ അതിനെ നിര്‍മ്മിച്ചു നല്‍കുന്നതാണ് കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് നിര്‍വഹിക്കുന്നത്. മാരീച് റഫറല്‍ സംവിധാനത്തിന്റെ അത്യാധുനിക സെന്‍സറുകള്‍ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത് കുറ്റിപ്പുറത്തുള്ള കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡാണ്.

കഴിഞ്ഞ 25 വര്‍ഷങ്ങളായി ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ പ്രതിരോധ ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ കെല്‍ട്രോണ്‍  നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. നാവിക വിവര ശേഖരണം, സിഗ്‌നല്‍ വിശകലനം, അപഗ്രഥനം എന്നീ മേഖലകളില്‍ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളായ ഡി.ആര്‍.ഡി.ഒ (എന്‍.പി.ഒ.എല്‍) യുടെ സാങ്കേതിക പങ്കാളിയായി  കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് പ്രവര്‍ത്തിച്ച് വരികയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top