21 December Saturday

കെൽട്രോൺ നോർവേ കമ്പനിയുമായി കൈകോർക്കുന്നു; ധാരണാപത്രം ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


തിരുവനന്തപുരം
കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിലെ സഹകരണത്തിന്‌ കെൽട്രോൺ നോർവെ ആസ്ഥാനമായ കമ്പനി എൽടോർക്കുമായി ധാരണപത്രം കൈമാറി. ഇലക്‌ട്രിക്, ഹൈഡ്രോളിക്, ഇലക്‌ട്രോ- ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്‌ക്കും നിർമാണത്തിനുമായാണ്‌ സഹകരണം.

നാൽപ്പതു വർഷമായി ഒഎൻജിസി, ഭെൽ, എൽ ആൻഡ്‌ ടി തുടങ്ങിയ രാജ്യത്തെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്കായി കൺട്രോൾ ആൻഡ്‌  ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ അരൂരിലെ കെൽട്രോൺ കൺട്രോൾസിൽ നിർമിച്ചുനൽകുന്നുണ്ട്. കൺട്രോൾ സിസ്റ്റത്തിന്റെ രൂപകല്പന, എൻജിനീയറിങ്‌, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാമിങ്‌, കമീഷനിങ് തുടങ്ങിയവയും കെൽട്രോൺ നിർവഹിക്കുന്നുണ്ട്. എൽടോർക്കുമായുള്ള സഹകരണ കരാറിന്റെ ഭാഗമായി ഇലക്‌ട്രിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകൾ നിർമിക്കാൻ കെൽട്രോണിന് സാധിക്കും.

രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലേക്കും വ്യവസായശാലകളിലേക്കും 1980 കളിൽതന്നെ കൺട്രോൾ ആൻഡ്‌ ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങളും ന്യൂമാറ്റിക് ആക്ചുവേറ്ററുകളും കെൽട്രോൺ കൺട്രോൾസിൽനിന്ന്‌ നിർമിച്ചുനൽകിയിരുന്നു. വിവിധ നിലയങ്ങളിൽ കെൽട്രോൺ സ്ഥാപിച്ചു നൽകിയ സംവിധാനങ്ങൾ നിലവിലും പ്രവർത്തിക്കുന്നു എന്നത് കെൽട്രോണിന്റെ ഗുണമേന്മ വ്യക്തമാക്കുന്നതാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

പി രാജീവിന്റെ സാന്നിധ്യത്തിൽ കെൽട്രോൺ എംഡി ശ്രീകുമാർ നായരും എൽടോർക്ക് സിഇഒ ഹെർമൻ ക്ലങ്‌സോയറുമാണ്‌ ധാരണപത്രം കൈമാറിയത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, കെൽട്രോൺ ചെയർമാൻ എൻ നാരായണമൂർത്തി എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top