23 November Saturday

വിഭജനത്തിന്‌ കാരണക്കാരൻ നെഹ്‌റുവെന്ന്‌ കേന്ദ്രം ; കേന്ദ്രീയ വിദ്യാലയങ്ങളിൽ ഇന്ന്‌ വിഭജനദിനാചരണം

പി വി ജീജോUpdated: Wednesday Aug 14, 2024



കോഴിക്കോട്‌  
ജവാഹർ ലാൽ നെഹ്‌റുവാണ്‌1947ലെ ഇന്ത്യാ വിഭജനത്തിന്‌ കാരണക്കാരനെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്‌. -കേന്ദ്രീയ വിദ്യാലയങ്ങളിൽ ഇന്ത്യാ വിഭജനദിനം ആചരിക്കണമെന്നും  വിദ്യാഭ്യാസ വകുപ്പ്‌ നിർദേശിച്ചു. ബുധനാഴ്‌ച വിഭജനഭീതി അനുസ്‌മരണദിനമായി 1256 കേന്ദ്രീയ വിദ്യാലയങ്ങളിലും ആചരിക്കാനാണ്‌ നിർദേശം.

നാടകം കളിച്ചും പ്രദർശനം നടത്തിയും വിഭജനത്തിന്റെ മുറിവുകളും വേദനയും കുട്ടികളിൽ എത്തിക്കണമെന്നാണ്‌ കേന്ദ്രീയ വിദ്യാലയ സംഘാതൻ രേഖാമൂലം നൽകിയ നിർദേശം.  അവതരിപ്പിക്കാനായി ‘വിഭജനം: ഒരു ദുരന്തം ’എന്ന നാടകത്തിന്റെ സ്‌ക്രിപ്‌റ്റും സ്‌കൂളുകൾക്ക്‌ നൽകിയിട്ടുണ്ട്‌. ഇതിലാണ്‌ നെഹ്‌റുവിനെ ആക്ഷേപിക്കുന്ന പരാമർശമുള്ളത്‌.  കോൺഗ്രസ്‌ നേതാവായ നെഹ്‌റുവും മുസ്ലിം ലീഗ്‌ നേതാവ്‌ മുഹമ്മദലി ജിന്നയുമായുള്ള അധികാരത്തർക്കമാണ്‌ വിഭജനത്തിലേക്ക്‌ നയിച്ചതെന്നാണ്‌ വിവാദപരാമർശം.

രാജ്യവിഭജനത്തെക്കുറിച്ചുള്ള സംഘപരിവാര ആശയങ്ങളാണ്‌ സ്‌കൂളുകൾക്ക്‌ നൽകിയ നാടകത്തിലും കുറിപ്പിലുമുള്ളത്‌. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും പുനരേകീകരിക്കണം എന്ന സന്ദേശവും ഇതിലുണ്ട്‌. പൊതുസ്ഥലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കണമെന്നും നിർദേശിക്കുന്നു. അഖണ്ഡഭാരതത്തെക്കുറിച്ച്‌ ഓർമിപ്പിക്കാനും വിഭജനത്തിലേക്ക്‌ നയിച്ച മതശക്തികളെ മറക്കാതിരിക്കാനുമാണ്‌ ദിനാചരണമെന്നാണ്‌ പറയുന്നത്‌. 2021ലാണ്‌ ബിജെപി സർക്കാർ ആഗസ്‌ത്‌ 14 വിഭജനഭീതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്‌. കഴിഞ്ഞ വർഷം 300 കേന്ദ്രീയ വിദ്യാലയങ്ങളിൽ പരിപാടി നടത്തിയിരുന്നു.

സ്വാതന്ത്ര്യദിനം 
ചടങ്ങ്‌ മാത്രം
വിഭജനദിനം ആഘോഷിക്കാൻ നിർദേശിച്ച കേന്ദ്രീയ വിദ്യാലയ സംഘാതൻ സ്വാതന്ത്ര്യദിനമായ വ്യാഴാഴ്ച പ്രത്യേക പരിപാടികളൊന്നും നിർദേശിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. പതിവുപോലെ പതാക ഉയർത്തി മധുരം നൽകിയാൽ മതിയെന്നാണ്‌ നിർദേശം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top