തിരുവനന്തപുരം
പാർലമെന്ററി സംവിധാനത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്ന ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ഒരേ ശബ്ദത്തിൽ പ്രതിഷേധമുയർത്തി നിയമസഭ. അധികാര വികേന്ദ്രീകരണത്തെ ശിഥിലമാക്കി ജനാധിപത്യത്തിലെ ജനകീയ പങ്കാളിത്തം ഇല്ലാതാക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രം പിന്മാറണമെന്ന് നിയമസഭ പ്രമേയത്തിലൂടെ ഏകകണ്‌ഠമായി ആവശ്യപ്പെട്ടു.
നിയമസഭ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന ഉന്നതതല സമിതിയുടെ നിർദേശം രാജ്യത്തിന്റെ വൈവിധ്യങ്ങളെ അപ്രസക്തമാക്കുന്നതാണെന്ന് മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അഞ്ച് വർഷം പൂർത്തിയാകാത്ത നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കാനാണ് ഉന്നതലസമിതി നിർദേശം. ഇത് സംസ്ഥാന സർക്കാരുകളെയും തദ്ദേശ സ്ഥാപനങ്ങളെയും തെരഞ്ഞെടുത്ത ജനങ്ങളെയും അവഹേളിക്കുന്നതും ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ജനങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണിത്. തദ്ദേശ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാ ചുമതലയിലേക്കും അതുവഴി രാജ്യത്തിന്റെ ഫെഡറൽ ഘടനയിലേക്കുമുള്ള കൈകടത്തലുമാണ്.
അവിശ്വാസ പ്രമേയത്തിലൂടെ സർക്കാരിനെ പുറത്താക്കുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്താൽ, ഇടക്കാല തെരഞ്ഞെടുപ്പിലൂടെ നിലവിൽവരുന്ന നിയമസഭയ്‌ക്ക് പൂർവ സർക്കാരിന്റെ ശിഷ്ടകാലാവധിയേ ഉണ്ടാകൂവെന്ന് സമിതിയുടെ ശുപാർശയുണ്ട്. ചെലവ് ചുരുക്കാനുള്ള നടപടിയെന്ന വാദത്തിന് വിരുദ്ധമാണിത്. തെരഞ്ഞെടുപ്പുകളെ കേവലം ചെലവായി കാണുന്നത് ജനാധിപത്യവിരുദ്ധമാണ്. ഫെഡറൽ സംവിധാനം തകർക്കുന്നതും സംസ്ഥാനങ്ങളുടെ അവകാശം ഹനിക്കുന്നതുമായ നടപടിയാണിത്.
കേന്ദ്രീകൃത ഭരണസംവിധാനം യാഥാർഥ്യമാക്കാനുള്ള ആർഎസ്‌എസ്, ബിജെപി അജൻഡ നിയമസഭയുടെ അധികാരങ്ങളെയും അവകാശങ്ങളെയും ദുർബലപ്പെടുത്തും–- പ്രമേയം അഭിപ്രായപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..