16 October Wednesday

കേരള അതിഥി ആപ്പ് 25ന്; രജിസ്‌ട്രേഷൻ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

തിരുവനന്തപുരം > സംസ്ഥാനത്തെത്തുന്ന മുഴുവൻ അതിഥിതൊഴിലാളികളെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേരള അതിഥി ആപ്പ് കൂടി എത്തുന്നതോടെ രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ സുഗമമായി ത്വരിതഗതിയിൽ പൂർത്തിയാക്കാനാകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നാഷണൽ ഇൻഫോമാറ്റിക് സെന്റർ വികസിപ്പിച്ചെടുത്ത ആപ്പിന്റെ ടെസ്റ്റിംഗ് പൂർത്തിയാക്കി കഴിഞ്ഞു. ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും ഒക്ടോബർ 25 മുതൽ ലഭ്യമായി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. സെക്രട്ടേറിയറ്റ് ലയം ഹാളിൽ അതിഥി ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മികച്ച കൂലി, തൊഴിൽ സാഹചര്യം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ തുടങ്ങി അതിഥിതൊഴിലാളികൾക്ക് മികച്ച സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന നയങ്ങളാണ് സർക്കാർ നടപ്പാക്കി വരുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അതിഥിത്തൊഴിലാളിക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അതിഥി പോർട്ടൽ വഴി ഇതിനോടകം 159884 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അതിഥിതൊഴിലാളികൾക്കും അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും മൊബൈൽ ആപ്പിലൂടെ തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം വ്യക്തിവിവരങ്ങൾ, ഫോട്ടോ, ആധാർ കാർഡ് എന്നിവ നൽകി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. അതിഥിപോർട്ടൽ വഴി ലഭിക്കുന്ന പ്രസ്തുത വിവരങ്ങൾ ബന്ധപ്പെട്ട അസി ലേബർ ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് വെർച്വൽ ഐഡി കാർഡുകൾ തൊഴിലാളികൾക്ക് ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണെന്നും ഇനി ഇൻഷുറൻസ് അടക്കമുള്ള  എല്ലാ ആനുകൂല്യങ്ങൾക്കും ആവശ്യങ്ങൾക്കും അടിസ്ഥാനമായി ഈ കാർഡാവും ഉപയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ കെ വാസുകി, ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമീഷണർ കെ എം സുനിൽ, അതിഥി തൊഴിലാളികൾ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top