25 September Wednesday

കേരള ബാങ്ക്‌ ലയനത്തിൽ ഹൈക്കോടതി വിധി: പൊളിഞ്ഞത്‌ ലീഗിന്റെ കുതന്ത്രം

സ്വന്തം ലേഖകൻUpdated: Thursday Apr 29, 2021
മലപ്പുറം > മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച്‌ സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയത്‌ യുഡിഎഫ്‌ നീക്കത്തിനേറ്റ തിരിച്ചടി. കേരളത്തിന്‌ സ്വന്തം ബാങ്കെന്ന ആശയം സർക്കാർ നടപ്പാക്കിയപ്പോൾ അധികാരം നഷ്ടമാകുമെന്ന രാഷ്‌ട്രീയ ഭീതികൊണ്ടാണ്‌ മുസ്ലിംലീഗ്‌ നേതൃത്വത്തിലുള്ള യുഡിഎഫ്‌ അതിനെതിരെ രംഗത്തെത്തിയത്‌. 
 
ജില്ലാബാങ്ക്‌ ഭരണത്തിന്റെ മറവിൽ അഴിമതിയും ധൂർത്തുമാണ്‌ യുഡിഎഫ്‌ നടത്തിയത്‌. ഭരണസമിതി അംഗങ്ങളുടെ ഒത്താശയോടെ യുഡിഎഫ്‌ അംഗങ്ങൾ ബാങ്കിൽനിന്ന്‌ വായ്‌പയെടുത്ത വൻതുക ഇതുവരെ തിരിച്ചടച്ചിട്ടില്ല. അധികാരം നഷ്ടമാകുമ്പോൾ ഈ തുക തിരിച്ചടയ്ക്കേണ്ടി വരുമോയെന്ന ഭീതിയും അവരെ വേട്ടയാടിയിരുന്നു. ബാങ്കിന്റെ തലപ്പത്തിരുന്ന പ്രമുഖ നേതാവ്‌ തന്നെ കോടിക്കണക്കിന്‌ രൂപ തിരിച്ചടയ്ക്കാനുണ്ട്‌. ഭരണസമിതി അംഗങ്ങളുടെ ഇഷ്ടക്കാരെ തസ്‌തികപോലും നിർണയിക്കാതെ ബാങ്കിൽ താൽക്കാലിക ജീവനക്കാരായി നിയമിച്ചതിലും ആക്ഷേപമുയർന്നിരുന്നു.ബുധനാഴ്ചത്തെ ഹൈക്കോടതി വിധിയോടെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികളുമായി സർക്കാരിന്‌ മുന്നോട്ടുപോകാം.
 

ലീഗ്‌ നിയന്ത്രണത്തിലുള്ള തുവ്വൂർ, പുൽപ്പറ്റ സർവീസ്‌ സഹകരണ ബാങ്കുകളാണ്‌ ഓർഡിനൻസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്‌. ജില്ലാ സഹകരണ ബാങ്കിലെ അഡ്‌മിനിസ്‌ട്രേറ്റർ ഭരണ കാലയളവ്‌ അവസാനിച്ചതോടെ അധികാരമേറ്റ യുഡിഎഫ്‌ ഭരണസമിതിയും ഓർഡിനൻസിനെതിരെ കോടതിയെ സമീപിച്ചു ഡിസ്‌ട്രിക്ട്‌ കോ –- ഓപറേറ്റീവ്‌ എംപ്ലോയീസ്‌ ഫെഡറേഷൻ, കോൺഗ്രസ്‌ അനുകൂല സംഘടനയായ ഡിസ്‌ട്രിക്ട്‌ കോ- ഓപറേറ്റീവ്‌ എംപ്ലോയീസ്‌ കോൺഗ്രസ്‌, കോഡൂർ സർവീസ്‌ സഹകരണ ബാങ്ക്‌, പുലാമന്തോള്‍ സർവീസ് സഹകരണ ബാങ്ക് എന്നിവർ സർക്കാർ തീരുമാനത്തിന്‌ അനുകൂലമായും കേസിൽ കക്ഷിചേർന്നു.

ഓർഡിനൻസ്‌ 2020ൽ

2019 നവംബർ 29നാണ്‌ കേരള ബാങ്ക്‌ നിലവിൽവന്നത്‌. സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളും കേരളാ ബാങ്കിൽ ചേരാൻ തീരുമാനിച്ചപ്പോൾ മലപ്പുറം മാത്രമാണ്‌ വിട്ടുനിന്നത്‌. ജില്ലയിലെ 132 പ്രാഥമിക സഹകരണ സംഘങ്ങളിൽ 90 എണ്ണവും ഭരിക്കുന്ന യുഡിഎഫ്‌ നേതൃത്വത്തിന്റെ എതിർപ്പാണ്‌ ഇതിന്‌ കാരണമായത്‌.
 
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ വർഷം ജനുവരി 14ന്‌ സംസ്ഥാന സർക്കാർ ഓർഡിനൻസ്‌ ഇറക്കി. മേൽനടപടികൾ സ്വീകരിക്കാൻ സഹകരണ സംഘം രജിസ്‌ട്രാറെയും ചുമതലപ്പെടുത്തി. ഈ ഓർഡിനൻസിനെതിരാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top