28 December Saturday

ബിജെപി പ്രസിഡന്റായി തുടരാൻ സുരേന്ദ്രന്റെ നീക്കം ; ഓൺലൈൻ യോഗം ബഹിഷ്കരിച്ച്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024


തിരുവനന്തപുരം
സംസ്ഥാന നേതൃത്വത്തിന്റെ മികവുകൊണ്ട്‌ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു നേട്ടവും ബിജെപിക്ക്‌ ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രൻ പ്രസിഡന്റായി തുടരുന്നതിനോട്‌ യോജിപ്പില്ലെന്നും ഒരു വിഭാഗം നേതാക്കൾ. പാർടി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം വ്യാഖ്യാനിച്ച്‌, കെ സുരേന്ദ്രന്‌ പ്രസിഡന്റായി തുടരാൻ തന്ത്രം മെനഞ്ഞ ഓൺലൈൻ യോഗം പി കെ കൃഷ്ണദാസ്‌ പക്ഷം ബഹിഷ്കരിച്ചു.

സംഘടനാ തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള വാനതി ശ്രീനിവാസന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. അഞ്ച്‌ വർഷം ഭാരവാഹിയായവർക്കും മത്സരിക്കാമെന്നും സ്ഥാനങ്ങളിൽ തുടരാൻ പ്രായപരിധി ബാധകമാക്കില്ലെന്നുമുള്ള കേന്ദ്രനിർദേശം ഇവർ മുന്നോട്ടുവച്ചു. അഞ്ച് വർഷം പൂർത്തിയായ സംസ്ഥാന, ജില്ലാ, മണ്ഡലം പ്രസിഡന്റുമാർക്ക്‌ ഇത്‌ ബാധകമാണ്‌. ഇതോടെ കൃഷ്ണദാസ്‌ പക്ഷത്തിന്‌ അപകടം മണത്തു. കൃഷ്ണദാസും എ എൻ രാധാകൃഷ്ണൻ, എം ടി  രമേശ്‌, ജി കാശിനാഥൻ തുടങ്ങിയ നേതാക്കളും യോഗം ബഹിഷ്കരിച്ചു. കേന്ദ്രത്തിലെ ചിലരുടെ ഒത്താശയിൽ സുരേന്ദ്രൻ തുടരുന്നത്‌ പാർടിക്ക്‌ ഗുണംചെയ്യില്ലെന്ന നിലപാടിലാണ്‌ ഇവർ.

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായ കാലാവധി രണ്ട് ടേമായി കണക്കാക്കാനാകില്ലെന്നും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കാമെന്നുമാണ്‌ വാനതി ശ്രീനിവാസൻ അറിയിച്ചത്‌. 2020 തുടക്കം മുതൽ സുരേന്ദ്രൻ പ്രസിഡന്റാണെന്നും അഞ്ചുവർഷം പൂർത്തിയാക്കിയത്‌ രണ്ട്‌ ടേമായി കാണാനാകില്ലെന്ന നിലപാട്‌ ശരിയല്ലെന്നുമാണ്‌ മറുപക്ഷത്തിന്റെ വാദം. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലടക്കം വോട്ട്‌ കുറയുകയും പ്രധാനപ്പെട്ട നേതാക്കളടക്കം പാർടി വിടുകയും ചെയ്യുന്ന ഘട്ടത്തിൽ സുരേന്ദ്രന്‌ ഇളവ്‌ ആവശ്യമില്ലെന്നാണ്‌ അവരുടെ നിലപാട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top