തിരുവനന്തപുരം
വക്താവായിരുന്ന സന്ദീപ് വാര്യർ കൂടി നേതൃത്വത്തിനെതിരെ രംഗത്തുവന്നതോടെ പ്രശ്നങ്ങളുടെ നടുക്കടലിൽ ബിജെപി. കുഴൽപ്പണ രഹസ്യങ്ങൾ കുടംതുറന്ന് വന്നതിന് പിന്നാലെയാണ് പാർടിയിലെ ആഭ്യന്തര കലഹം രൂക്ഷമായത്. ബിജെപിക്ക് നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് കൽപ്പാത്തി രഥോത്സവത്തിന്റെ പേരുപറഞ്ഞ് പാലക്കാട് തെരഞ്ഞെടുപ്പ് നീട്ടിയതെന്ന് വ്യക്തം. എന്നാൽ, ഒരാഴ്‌ചകൊണ്ട് തീർക്കാവുന്ന പ്രശ്നമല്ല ശോഭാ സുരേന്ദ്രനും സന്ദീപ് വാര്യരും തിരൂർ സതീശും ഉയർത്തിയ വിഷയങ്ങളിൽ രൂപപ്പെടുക. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതൃത്വവും ചെയ്ത ക്രൂരതകളെ കുറിച്ച് ഗത്യന്തരമില്ലാതെയാണ് സന്ദീപ് പ്രതികരിച്ചത്. അമ്മ മരിച്ച സമയത്ത് പാലക്കാടുള്ള കൃഷ്ണകുമാർ അടക്കം ഒരു ബിജെപി നേതാവുപോലും തിരിഞ്ഞുനോക്കിയില്ല.
മറ്റുപാർട്ടികളുടെ നേതാക്കളെല്ലാം എത്തിയെന്നും സന്ദീപ് പറഞ്ഞു. ഘോരഘോരം ബിജെപിയെ ന്യായീകരിക്കാൻ തൊണ്ടപൊട്ടിക്കുമ്പോഴും നേതാക്കൾ സന്ദീപിനെ ചവിട്ടിത്താഴ്‌ത്തുകയായിരുന്നു. പാലക്കാട് സ്ഥാനാർഥി നിർണയം സംബന്ധിച്ച് അഭിപ്രായം നേതാക്കളോട് തുറന്നുപറഞ്ഞത് കൃഷ്ണകുമാറിന്റെയടക്കം ശത്രുത വർധിപ്പിച്ചു. ചില സ്ഥാനാർഥികൾക്ക് വോട്ടിനേക്കാൾ താൽപര്യം സ്വന്തം കീശയാണ് എന്ന് ബിജെപിയിൽ തന്നെ ചർച്ച സജീവമായ സമയത്താണ്, സുരേന്ദ്രൻ പാലക്കാട് മത്സരിക്കണമെന്ന ആവശ്യം സന്ദീപ് മുന്നോട്ടുവച്ചത്.
പ്രശ്നം ചൂണ്ടിക്കാണിക്കുന്നവരെ പുകച്ചുപുറത്തുചാടിക്കുന്നത് ബിജെപിയിൽ ഇപ്പോൾ തുടങ്ങിയതല്ല. അതുകൊണ്ട് ബിജെപിക്കുള്ളിൽനിന്ന് പലരും പലതും തുറന്നുപയാൻ ഒരുങ്ങുന്നതായാണ് വി
വരം.
ചാനലുകൾക്ക്
ശോഭ സുരേന്ദ്രന്റെ വിലക്ക്
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രേന്റെ വാർത്താ സമ്മേളനത്തിൽ ചാനലുകൾക്ക് വിലക്ക്. തിങ്കൾ രാവിലെ പത്തിന് തൃശൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ 24 ന്യൂസ്, റിപ്പോർട്ടർ ചാനലുകളെയാണ് വിലക്കിയത്. ഇനി തന്റെ ഒരു വാർത്താസമ്മേളനത്തിലും പങ്കെടുക്കരുതെന്ന് ചാനൽ റിപ്പോർട്ടർമാരെ നേരിട്ട് ഫോണിൽ വിളിച്ചുപറഞ്ഞശേഷം മറ്റു ചാനലുകളെ വിളിച്ചുവരുത്തി വാർത്താസമ്മേളനവും നടത്തി. ‘‘ഒറ്റ രാത്രികൊണ്ട് കോടികൾ അക്കൗണ്ടിലേക്ക് എത്തിയ ചാനലിനെതിരെ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കും. ഞാൻ വീട്ടിൽ ചെന്നതായി റിപ്പോർട്ടർ ചാനലിന്റെ മുതലാളി പറഞ്ഞു. ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ അക്കാര്യം തെളിയിക്കണം’’–- ശോഭ സുരേന്ദ്രൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..